Trending

നിപ രോഗലക്ഷണം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 68 കാരനെ കോഴിക്കോട്ടേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അതേ സമയം 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർക്ക് ഇപ്പോൾ രോഗ ലക്ഷണങ്ങളുണ്ട്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ച് നിപാ ലക്ഷണങ്ങളാണ് കുട്ടിക്കുളളതെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തി .  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരിച്ചു. 246പേരാണ് 14 കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവ‍ര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. 

Post a Comment

Previous Post Next Post