കോഴിക്കോട് | നിപ്പ ഭീതിക്കിടയിൽ ആശ്വാസ വാർത്ത. ജില്ലയിൽ നിപ്പ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന 30 പേരുടെയും പരിശോധനാഫലം നെഗറ്റീവായി. വൈകീട്ട് ചേർന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി വീണ ജോർജ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിപ്പ രോഗ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആദ്യം മരിച്ചയാൾക്കും നിപ്പയെന്ന് സ്ഥിരികരീച്ചതായും മന്ത്രി അറിയിച്ചു.
ആദ്യം മരിച്ചയാളെ ചികിത്സിച്ച ആശുപത്രി ഇയാളുടെ തൊണ്ടയിലെ സ്രവ സാമ്പിൾ ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് നിപ്പയാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 30നാണ് ഇയാൾ മരിച്ചത്. ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവർക്ക് രോഗം പകർന്നതെന്ന് ഇതോടെ വ്യക്തമായി. ഇയാളുടെ റൂട്ട് മാപ്പ് ഉടൻ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു.
നൂറ് പേരുടെ സ്രവ സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ആറ് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. നാല് പേർ ചികിത്സയിലാണ്. 17 പേർ ഐ സി യു നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു
Tags:
KOZHIKODE