Trending

പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ഡ്യൂട്ടി ചെയ്താല്‍ മേലുദ്യോഗസ്ഥര്‍ ഉത്തരം പറയണം; സര്‍ക്കുലര്‍ ഇറക്കി എഡിജിപി

തിരുവനന്തപുരം |  പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയാല്‍ ഇനി മുതല്‍ മേലുദ്യോഗസ്ഥന്‍കൂടി മറുപടി പറയണം. വകുപ്പുതല നടപടിയുണ്ടാകുമ്പോള്‍ യൂണിറ്റ് മേധാവിയും സ്റ്റേഷന്‍ ഹൗസ് ഓഫീസറും നടപടിക്ക് വിധേയരാകും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.പോലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ഡ്യൂട്ടിക്ക് വരികയും ഇത്തരക്കാര്‍ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടാതെ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടതിന് പിറകെയാണ് നടപടി.

ലഹരി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് കൗണ്‍സലിങ് നല്‍കി ശരിയായ മാര്‍ഗത്തില്‍ കൊണ്ടുവരേണ്ടത് ജില്ലാ പോലീസ് മേധാവിമാരും ബന്ധപ്പെട്ട യൂണിറ്റ് മേധാവിമാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുമാണെന്നും എഡിജിപി വ്യക്തമാക്കി.ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗിച്ച് ഓഫീസില്‍ വരുന്നില്ലെന്നും ലഹരി ഉപയോഗിച്ചശേഷം ജോലി ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്താത്തത് മേലധികാരികളുടെ നിരുത്തരവാദപരമായ
പ്രവൃത്തിയാകുമെന്നാണ് മുന്നറിയിപ്പ്. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വരുകയോ ഡ്യൂട്ടിയില്‍ തുടരുകയോ ചെയ്താല്‍ പൂര്‍ണ ഉത്തരവാദിത്തം അതാത് യൂണിറ്റ് മേധാവിമാര്‍ക്കായിരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. 

Post a Comment

Previous Post Next Post