Trending

വിഴിഞ്ഞം തൊട്ട് ഷെൻഹുവ 15; ആദ്യ കപ്പലെത്തി


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത്‌ ആദ്യ കപ്പലെത്തി. ചൈനീസ് ചരക്കു കപ്പലായ ഷെൻഹുവ 15 ആണ് തുറമുഖത്തെത്തിയത്. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതാണ് ഷെ‍ൻഹുവ 15. കപ്പലിന് 233.6 മീറ്റർ നീളവും 42 മീറ്റർ വീതിയുമുണ്ട്. 20 മീറ്റർ വരെയാണ് ആഴം. ആദ്യ ചരക്കു കപ്പലിനെ കരയിലെത്തിക്കാൻ മൂന്നു ടഗ് ബോട്ടുകളാണ് ഉപയോഗിച്ചത്. ഇവയ്ക്ക് 70 ടൺ ശേഷിയുണ്ട്.

ആഗസ്റ്റ് 30-നാണ് വിഴിഞ്ഞം ലക്ഷ്യമാക്കി ഷാൻഹായ് തുറമുഖത്ത് നിന്ന് കപ്പൽ യാത്ര പുറപ്പെട്ടത്. രാജ്യത്തെ തുറമുഖങ്ങളി‍ൽ ഇന്നുപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ് ടു ഷോർ ക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റർ ഉയരമുള്ള ക്രെയിൻ പ്രവർത്തിപ്പിച്ച് കപ്പലിൽ 72 മീറ്റർ അകലെയുള്ള കണ്ടെയ്നർ വരെ എടുക്കാനാകും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഉപയോഗിക്കുന്നത് 62 മീറ്റർ പരിധിയുള്ള ഷിപ് ടു ഷോർ ക്രെയിനാണ്.

കപ്പലില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ എടുത്തു വയ്ക്കുന്നതിന് വേണ്ടിയാണ് ഷിപ്പ് ടു ക്രെയ്ന്‍. വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷോർ ക്രെയിൻ എത്തിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേതാണ് ഷെൻഹുവ 15-ൽ ഉള്ളത്. ഈ മാസം 15-ന്‌ ആണ്‌ മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാളും സംസ്ഥാനമന്ത്രിമാരും ചേർന്ന്‌ കപ്പൽ സ്വീകരിക്കുന്ന ചടങ്ങ്‌.

ലോകശ്രദ്ധയാകർഷിക്കുന്ന തരത്തിൽ മാറാനാണ് വിഴിഞ്ഞം തുറമുഖം തയാറെടുക്കുന്നത്. വലിയ കപ്പലുകൾക്ക് ബെർത്തിലടുക്കാനുള്ള പ്രകൃതിദത്തമായ 20 മീറ്റർ ആഴം ഇവിടെയുണ്ട്. അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നു എന്ന പ്രത്യേകതയും വിഴിഞ്ഞത്തുണ്ട്.

Post a Comment

Previous Post Next Post