Trending

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, വിട്ടുകൊടുക്കാതെ ഹമാസ്; മരണസംഖ്യ 1900 കവിഞ്ഞു


ഇസ്രയേല്‍-ഹമാസ് യുദ്ധത്തിൽ മരണസംഖ്യ 1900 കവിഞ്ഞു. പലസ്തീന്‍ ഭാഗത്ത് 900ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്രയേലിൽ 1000ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസ് ആക്രമണത്തില്‍ 1000 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ 123 പേര്‍ സൈനികരാണ്.

ഇതിനിടെ ഗാസയില്‍ ആക്രമണം ശക്തമാക്കി. ഗാസാ മുനമ്പിലെ 70 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഇസ്രയേല്‍ ആക്രമണത്തില്‍ ആറ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. റഫ പാലത്തിന് നേരെയും ബോംബാക്രമണം നടന്നു. ഇതേ തുടര്‍ന്ന് പാലം അടച്ചു. ഇതോടെ വെള്ളം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണവും നിലച്ചതായാണ് റിപ്പോര്‍ട്ട്.ഇതിനിടെ അധിനിവേശ കിഴക്കന്‍ ജെറുസലേമില്‍ രണ്ട് പലസ്തീന്‍ യുവാക്കളെ ഇസ്രയേലി പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.

ഇസ്രയേലിലേക്ക് ഹമാസ് സായുധസംഘാംഗങ്ങള്‍ നുഴഞ്ഞ് കയറിയതായി സംശയം പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ ഗാസാ അതിര്‍ത്തിയിലെ ഇസ്രയേല്‍ കുടിയേറ്റ നഗരമായ അഷ്‌കലോണില്‍ ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. അഷ്‌കലോണില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കുടിയേറ്റക്കാര്‍ക്ക് ഹമാസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനില്‍ ഇസ്രയേല്‍ ഷെല്ലിങ്ങില്‍ മൂന്ന് ലെബനന്‍ ഷിയാ ഗ്രൂപ്പ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള വ്യക്തമാക്കി. ലെബനന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ രണ്ട് പലസ്തീന്‍ യോദ്ധാക്കളും ഇസ്രയേല്‍ കമാന്‍ഡറും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആധുനിക യുദ്ധസാമഗ്രികളുമായി അമേരിക്കന്‍ വിമാനം ഇസ്രയേലിലെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യാഴാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇതിനിടെ അറബ് ലീഗ് ഇന്ന് കെയ്‌റോയില്‍ യോഗം ചേരും. അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ അറബ് ലീഗ് തയ്യാറായേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ മധ്യസ്ഥ ചര്‍ച്ചയുമായി ഖത്തര്‍ രംഗത്ത് വന്നിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്നും യുദ്ധം ആശങ്കയുണ്ടാക്കുന്നുവെന്നും ഈജിപ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീനുള്ള പിന്തുണ സൗദി അറേബ്യ ആവര്‍ത്തിച്ചിരുന്നു.

ഇസ്രയേലിനുള്ള പിന്തുണ അമേരിക്ക് വീണ്ടും ആവര്‍ത്തിച്ചു. നെതന്യാഹുവിനെ ഫോണില്‍ ബന്ധപ്പെട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ അറിയിച്ചത്. ഇസ്രയേലിന് കൂടുതല്‍ സഹായം നല്‍കുമെന്ന് വ്യക്തമാക്കിയ ബൈഡന്‍ ബന്ധികളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഹമാസ് സമ്പൂര്‍ണ്ണ തിന്മയാണെന്നും ജോ ബൈഡന്‍ വിമര്‍ശിച്ചു. ഇതിനിടെ ഇസ്രയേലിലും ഗാസയിലും യുദ്ധക്കുറ്റങ്ങള്‍ നടന്നതായി ഐക്യ രാഷ്ട്രസഭയും വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post