ടെൽഅവീവ്: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 700ലേറെ ഇസ്രായേലികള്‍. തെക്കന്‍ ഇസ്രായേലില്‍ സംഗീത നിശയ്ക്കിടെയുണ്ടായ കൂട്ടക്കുരുതിയില്‍ 260ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏറെയും വിദേശപൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരെ ബന്ദികളാക്കി. 100ൽ അധികം ഇസ്രായേലികളെ ഹമാസ് ബന്ധികളാക്കിയിട്ടുണ്ട്. ഉയർന്ന ഇസ്രായേലി ഉദ്യോഗസ്ഥര്‍ അടക്കം 100ല്‍ അധികം ആളുകളെ ബന്ധികളാക്കിയതായി ഹമാസ് അവകാശപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ ഗാസയില്‍ ഇതുവരെ 500 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെ ഗാസയിലെ ആക്രമണം ഇസ്രായേല്‍ കടുപ്പിച്ചു. വ്യോമമാര്‍ഗവും കരമാര്‍ഗവും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. 150 ഇടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. ഹമാസ് കമാന്‍ഡറെ പിടികൂടിയെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. ഇതിനിടെ ഹമാസും ആക്രമണം ശക്തമാക്കി. തെക്കന്‍ ഇസ്രായേലില്‍ ഹമാസ് വ്യോമാക്രമണം നടത്തി. ഗാസ അതിര്‍ത്തിയിലെ സികിം, സുഫ, മെഫാല്‍സിം എന്നിവിടങ്ങളില്‍ ഏറ്റമുട്ടല്‍ തുടരുകയാണ്.
ഒരുലക്ഷത്തോളം റിസര്‍വ് സൈനികരെ ഇസ്രായേല്‍ ഗാസയ്ക്ക് സമീപം അണിനിരത്തിയിട്ടുണ്ട്. ഗാസയിലെ വീടുകളും അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളും ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലും വ്യാപക നഷ്ടം സംഭവിച്ചിട്ടുണ്ട്. യുഎന്‍ ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഏജന്‍സിയുടെ കണക്കനുസരിച്ച് ഏകദേശം 123,538 പലസ്തീനികളെ ഗാസയില്‍ മാറ്റിപ്പാര്‍പ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലായനം ചെയ്യുന്നവര്‍ തീരമേഖലയിലെ 64 സ്‌കൂളുകളില്‍ തമ്പടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ ബഹുനില റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുള്ള നാല് വലിയ ടവറുകളും ഉള്‍പ്പെടുന്നു. 159 ഹൗസിംഗ് യൂണിറ്റുകള്‍ തകര്‍ന്നതായും 1,210 എണ്ണത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ ഇസ്രായേലിനെ പിന്തുണച്ച് അമേരിക്കയും രംഗത്തിറങ്ങി. പശ്ചിമേഷ്യയിലെ സംഘര്‍ഷ മേഖലയിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ചു. നാവിക സേനയെ അയച്ചെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്കന്‍ നാവിക സേനയെ വിന്യസിച്ചിട്ടുണ്ട്. ഇസ്രയേലിന് അത്യാധുനിക യുദ്ധോപകരണങ്ങള്‍ നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റും ഇസ്രയേല്‍ പ്രധാനമന്ത്രിയും ഫോണില്‍ സംസാരിച്ചു.