തൃശൂര്‍ | കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലെ യഹോവ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. കുറുപ്പുംപടി സ്വദേശി ലെയോണ പൗലോസ് (60) ആണ് കൊല്ലപ്പെട്ടത്. നേരത്തെ ഇവര്‍ ആരെന്ന കാര്യത്തില്‍ പോലീസിനോ മറ്റുള്ളവര്‍ക്കോ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. സ്‌ഫോടനത്തില്‍ മരിച്ചത് സസ്‌പെക്ടറ്റഡ് ലേഡിയെന്നായിരുന്നു പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രി വൈകിയാണ് ആളെ തിരിച്ചറിഞ്ഞത്.പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാനാണ് ഇവരെത്തിയതെന്നാണ് വിവരം. വൈകിട്ടോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തൊടുപഴ സ്വദേശിയായ കുമാരിയും (53) മരിച്ചിരുന്നു. ഇവരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിലും രാവിലെ മരിച്ച സ്ത്രീയെ തിരിച്ചറിയാനായിരുന്നില്ല.
അതേ സമയം സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ എന്‍ഐഎയും എന്‍എസ്ജിയും സംയുക്തമായി പരിശോധന നടത്തുകയാണ്. സ്‌ഫോടനത്തിന് പിറകെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക് അയച്ചിരിക്കുന്നത്. സ്‌ഫോടനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവരുടെ പരിശോധനക്ക് ശേഷം വ്യക്തമാകുമെന്നാണ് കരുതുന്നത്. അതേ സമയം സംസ്ഥാന പോലീസും ഇതില്‍ അന്വേഷണം നടത്തുന്നുണ്ട്.
Tags:
കൊച്ചി