ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിലെ എ ഗ്രൂപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ച് നടത്താന്‍ തീരുമാനിച്ച രഥ് പ്രഭാരി യാത്ര ഒഴിവാക്കാൻ നിർദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിൽ രഥ് പ്രഭാരി യാത്ര ഒഴിവാക്കണം. സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചത് പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് കത്ത് നൽകി.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ 2023 ഡിസംബർ അഞ്ച് വരെ പെരുമാറ്റച്ചട്ടം നിലവിലുള്ള നിയോജകമണ്ഡലങ്ങളിൽ രഥ് പ്രഭാരി യാത്ര നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
രാജ്യത്തെ 765 ജില്ലകളിലെ 2.69 ലക്ഷം ഗ്രാമങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ രഥയാത്ര നടത്താനും സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതുമായിരുന്നു രഥ് പ്രഭാരി യാത്രയുടെ ഉദ്ദേശം. ഇതിനായി ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരെ ‘രഥ് പ്രഭാരി’ എന്ന പേരിൽ സ്പെഷ്യൽ ഓഫീസർമാരായി നിയമിക്കാൻ കേന്ദ്രം കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.