Trending

വടക്കന്‍ ഗാസയില്‍ വെന്റിലേറ്റര്‍ നിലച്ചു; 6 നവജാത ശിശുക്കള്‍ മരിച്ചു


റാഫ: ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടയില്‍ വടക്കന്‍ ഗാസയിലെ ആശുപത്രികള്‍ അടച്ചുപൂട്ടുന്നു. ഇസ്രയേല്‍ സൈന്യം മെഡിക്കല്‍ സൗകര്യങ്ങള്‍ ആക്രമിക്കുന്നതിനിടയിലാണ് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അല്‍-ഖുദ്സ് ഹോസ്പിറ്റലില്‍ തീപിടുത്തമുണ്ടായി. ഇസ്രയേല്‍ സൈനിക നീക്കത്തിനിടെയാണ് തീപിടുത്തം. ഗാസയിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളായ അല്‍-ഷിഫയും അല്‍-ഖുദ്സും ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അടച്ചുപൂട്ടി.

ഇതിനിടെ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കാതായതോടെ ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ ആറ് നവജാത ശിശുക്കള്‍ മരിച്ചു. 9 രോഗികളും മരിച്ചു. മൂന്ന ദിവസത്തിനിടെ അല്‍ ശിഫ ആശുപത്രിയില്‍ 32 പേരാണ് മരിച്ചത്. ആശുപത്രിയില്‍ ഗുരുതരമായി പരിക്കേറ്റ 650 പേര്‍ ഇപ്പോഴുമുണ്ട്. ഇതിനിടെ ഇസ്രയേലി ടാങ്കുകള്‍ അല്‍ശിഫ ആശുപത്രി വളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ഗാസയിലെ എല്ലാ ആശുപത്രികളും പ്രവര്‍ത്തനം നിര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഗാസയിലേത് ഗുരുതര സാഹചര്യമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

വടക്കന്‍ ഗാസയിൽ സൈനിക നടപടിയില്‍ ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഖാന്‍ യൂനിസ് ബ്രിഗേഡിലെ ടാങ്ക് വിരുദ്ധ യൂണിറ്റിന്റെ തലവനായ യാക്കോവ് അഷൂറിനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഖോസല്‍ മുഹമ്മദ് ഹമീസ് ദബബേഷ് കൊല്ലപ്പെട്ടതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ ഇന്റലിജന്‍സ് മേധാവിയായി ദബ്ബാഷ് നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു. നിലവില്‍ ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഹമീസ് ദബബേഷ്. ഹമാസിന്റെ സൈനിക വിഭാഗത്തിലെ ഉന്നത അംഗങ്ങളായ തഹ്സിന്‍ മസ്ലം, ജഹദ് അസം, മനീര്‍ ഹരേവ് എന്നിവരെയും വർധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. എന്നാല്‍ മരണവിവരം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

ഗാസയില്‍ മരണസംഖ്യ 11240 ആയി. 4630 കുട്ടികളും 3130 സ്ത്രീകളും ഇതുവരെ കൊല്ലപ്പെട്ടു. 189 ആരോഗ്യപ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. 41120 പാര്‍പ്പിടങ്ങളും 94 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും 71 മോസ്‌കുകളും മൂന്ന് പള്ളികളും ഇതിനകം തര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 253 സ്‌കൂളുകള്‍ക്കും കേടുപാടുകള്‍ നേരിട്ടു. 181 മില്യണ്‍ ഡോളറിന്റെ കൃഷിനാശമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കൃഷി ഫാമുകൾ 25% നശിപ്പിക്കപ്പെട്ടു.

Post a Comment

Previous Post Next Post