Trending

ഗാസയില്‍ മരണം 9000 കടന്നു, 3600ലേറെയും കുട്ടികൾ; ഇസ്രയേലുമായി സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്‌റൈൻ

ഗാസ സിറ്റി: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ 9061 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. 23000 ലധികം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിൽ 3600ൽ അധികവും കുട്ടികളാണ്. ബോംബാക്രമണങ്ങൾ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇവിടെ ഭക്ഷണവും വെള്ളവും ഇന്ധനവും തുടങ്ങിയ അവശ്യ വസ്തുക്കളിൽ ക്ഷാമം നേരിടുകയാണ്. ഇതുവരെ 242 പേരാണ് ഗാസയിൽ ബന്ദികളാക്കപ്പെട്ടതെന്ന് ഇസ്രായേലി സൈന്യം അറിയിച്ചു.

ആശുപത്രികൾക്ക് ആവശ്യം വന്നാൽ ഇന്ധനം അനുവദിക്കുമെന്ന് ഐഡിഎഫ് അറിയിച്ചു. ഒരാഴ്ചയോളമായി ഇന്ധനം തീരുമെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇതുവരെ അത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്ന് ഐഡിഎഫ് പറഞ്ഞു. ഹമാസ് ഇന്ധനം പൂഴ്ത്തിവച്ചെന്നും സൈനിക ആവശ്യത്തിനായി അത് ഉപയോഗിക്കുകയാണെന്നും ആരോപിച്ച് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിലേക്ക് എല്ലാ ഇന്ധന കയറ്റുമതിയും ഇസ്രായേൽ തടഞ്ഞു.

അതേസമയം ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്‌റൈൻ വിച്ഛേദിച്ചിരിക്കുകയാണ്. ബഹ്റൈൻ അംബാസിഡറെ തിരിച്ചു വിളിച്ചിരിക്കുകയാണ്. എന്നാൽ ബഹ്റൈനിൽ നിന്ന് അത്തരമൊരു പ്രഖ്യാപനവും ലഭിച്ചിട്ടില്ലെന്നും രാജ്യവുമായി നല്ല ബന്ധമാണെന്നുമാണ് ഇസ്രയേൽ വക്താക്കൾ പറയുന്നത്. ഗാസയിൽ 20 ലക്ഷം ആളുകൾ കുടിവെളളമില്ലാത്ത അവസ്ഥയിലാണെന്ന് യുഎൻ അറിയിച്ചു. ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്നും യുഎൻ അറിയിച്ചു.

Post a Comment

Previous Post Next Post