Trending

ആര്യാടൻ ഷൗക്കത്തിന് വിലക്ക്; പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കരുതെന്ന് കെപിസിസി


തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിന് വിലക്ക് ഏർപ്പെടുത്തി കെപിസിസി. ഒരാഴ്ചത്തേക്കാണ് വിലക്ക്. പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാൻ പാടില്ല. അച്ചടക്ക സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടിയെടുക്കാനാണ് കെപിസിസിയുടെ തീരുമാനം. ഒരാഴ്ചയ്ക്കുള്ളിൽ അച്ചടക്ക സമിതി റിപ്പോർട്ട് സമർപ്പിച്ചേക്കും. ഷൗക്കത്തിന്റെ ഭാഗം വിശദീകരിക്കാൻ അച്ചടക്കസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം മറുപടി കിട്ടുമെ ന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. മറുപടി ലഭിച്ച ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. കെപിസിസി നിർദേശം ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിനാണ് നടപടി.


പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ആര്യാടൻ ഷൗക്കത്തിന് കെപിസിസി നോട്ടീസ് നൽകുകയും ചെയ്തു. റാലി നടത്തിയത് അച്ചടക്ക ലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട് അച്ചടക്ക സമിതിയോട് റിപ്പോർട്ട് തേടിയ കെപിസിസി റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.

റാലി നടത്തിയത് വിഭാഗീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞിരുന്നു. ആര്യാടനെ സ്‌നേഹിക്കുന്നവരാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്ത് കൊണ്ടാണ് കെപിസിസിക്കു തെറ്റിദ്ധാരണ വന്നതെന്ന് അറിയില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

ഡിസിസി പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നുമായിരുന്നു കെപിസിസിയുടെ നിർദേശം. എന്നാൽ പരിപാടിയില്‍ നിന്ന് പിന്മാറില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് നിലപാടെടുക്കുകയായിരുന്നു.

ആര്യാടൻ ഫൗണ്ടേഷന്റെ ഭാ​ഗമായി മലപ്പുറം ടൗണ്‍ ഹാള്‍ പരിസരത്തു നിന്ന് തുടങ്ങി കിഴക്കേത്തലവരെയായിരുന്നു കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ ഐകൃദാർഢ്യ റാലി. കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്ത് വിഭാഗീയത അതിശക്തമാണെന്നാണ് റിപ്പോർട്ടുകൾ.

Post a Comment

Previous Post Next Post