Trending

പാച്ചിപ്പറമ്പത്ത് മഹ്മൂദ് ഹാജി ( മാടാണി യിൽ ) ഇനി മറക്കാൻ പറ്റാത്ത ഓർമ്മകൾ നൽകി യാത്രയായി

അങ്ങനെ നാഥന്റെ  വിളിക്ക് ഉത്തരം നൽകി  പ്രിയപ്പെട്ട ഒരു റൂഹ് കൂടി നാഥനിലേക്ക് മടങ്ങിയിരിക്കുന്നു... 
പ്രിയപ്പെട്ട മഠാണി മഹ്മൂദ്ക്കയും റബ്ബിന്റെ  തീരുമാന പ്രകാരം ഭൂമിയിലെ ജീവിതം അവസാനിപ്പിച്ചു  അവന്റെ അരികിലേക്ക്  രാപ്പാർക്കാൻ പോയിരിക്കുന്നു.

പ്രിയപ്പെട്ടവരുടെ ഓരോ മരണങ്ങളും  നമ്മെ കൂടുതൽ അനാഥമാക്കുകയാണ്.
ഒരു വിടപറയലും ഓർമ്മയിലെ ഓരോ മനോഹരമായ താളുകളും നമുക്ക് നഷ്ടപ്പെടുകയോ, മടക്കി വെക്കേണ്ടി  വരികയോ ചെയ്യുകയാണ്..

നമ്മുടെ മേൽ സ്നേഹം കൊണ്ട്  അവകാശമുള്ള മനുഷ്യരുടെ അസാനിധ്യം നമ്മെ കൂടുതൽ ശൂന്യതയിൽ ആക്കുകയാണ്.

അവരുടെ  നിഷ്കളങ്കമായ വാത്സല്യം തുളുമ്പുന്ന പേര് ചൊല്ലി വിളികളിൽ  നമ്മൾ എത്രമേൽ നനഞ്ഞിരുന്നു എന്നും, അതിൽ കൂടുതൽ അവർ ഹൃദയത്തിൽ നിറഞ്ഞിരുന്നു എന്നും ഇപ്പോഴാണ് നമ്മൾ തിരിച്ചറിയുന്നത്...

അനിവാര്യമായ ചില അകലങ്ങളിൽ നമ്മൾ കഴിയുമ്പോഴും ദൂരങ്ങളിൽ അവരൊക്കെ ഉണ്ട് എന്ന് ഓർത്തു വെക്കുമ്പോൾ ഒരു ധൈര്യമായിരുന്നു ഇനിയില്ല എന്നത് ഒരു പിടച്ചലോട്കൂടി  മാത്രമേ വിശ്വസിക്കാൻ കഴിയുകയുള്ളൂ...

ഖത്തറിലെ ഒരു മാസികക്ക് വേണ്ടി ഒരു ലേഖനം എഴുതിയതിന്റെ പേരിൽ ഒരു ഫോട്ടോ വേണമെന്ന് പറഞ്ഞപ്പോൾ ഇന്നലെ അനുയോജ്യമായതൊന്നു തിരയുന്നതിനിടയിൽ മഹമൂദക്കയോടൊപ്പം ഉള്ള സ്കൂളിലെ കുറച്ച് ഫോട്ടോകൾ കണ്ടപ്പോൾ എന്തിനെന്നറിയാതെ കുറെ സമയം നോക്കി നിന്നു പിന്നെ ഉൾപ്രേരണ എന്നോണം അതിന്റെയൊക്കെ സ്ക്രീൻഷോട്ടുകൾ എടുത്തുവെച്ചത് ഇന്നത്തെ ഈ വിടവാങ്ങലിന്റെ ഓർമ്മകൾക്ക് ഹൃദയാഞ്ജലിക്ക് വേണ്ടി കരുതിവെച്ചതായിരുന്നുവോ എന്ന് ഓർക്കുമ്പോൾ റബ്ബേ നീ നൽകിയ ആത്മബന്ധത്തിന്റെ ആഴത്തിന്റെ അകം പോരുളറിയുന്നു...

ഒരുപാട് വർഷങ്ങൾക്കു മുമ്പ് മഹ്മൂദ്ക്ക ബഹ്റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെ പൊതുപ്രവർത്തനത്തിലേക്ക് തൻെറ മഹനീയമായ സാന്നിധ്യം അറിയിച്ച സമയത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി അദ്ദേഹം വന്നപ്പോൾ അദ്ദേഹത്തിന്റെ ചീഫ് ഇലക്ഷൻ ഏജന്റായി ഉത്തരവാദിത്വം ഏറ്റെടുത്ത മുതലുള്ള ആത്മബന്ധം വർഷങ്ങളായി തുടരവേ ഇന്നത്തെ പ്രായാധിക്യകാലത്ത് നടക്കാനാവാത്ത വയ്യായ്മയിൽ പോലും ഏത് സദസ്സിലും വേദിയിലും എൻറെ മുഖം കണ്ടാൽ സ്നേഹത്തോടെ വാത്സല്യത്തോടെ ഒന്ന് "താങ്ങാൻ പിടിക്കാൻ "കൈ നീട്ടി തരുമായിരുന്ന അവസരം എനിക്ക് ലഭ്യമായത് മനസ്സുകൊണ്ടും ശരീരം കൊണ്ടും തന്നെയാണ് എന്ന് സ്നേഹത്തിൻറെ വാത്സല്യത്തിന്റെ മുദ്രയായി ഇന്നും ഞാൻ ഹൃദയത്തിൽ കൊണ്ടുനടക്കുന്നു...

ഓരോ മണ്ണിനും ഓരോ മണമുള്ളതുപോലെ ഓരോ മനുഷ്യരും അവരുടെ ജീവിതവും നമ്മൾക്കിടയിൽ ഓരോ ഗ്രന്ഥങ്ങളാണ് സ്നേഹത്തിൻറെ അറ്റമില്ലാത്ത കരങ്ങൾ കൊണ്ട് അത്രയുമുള്ള ഹൃദയ സൗന്ദര്യം കൊണ്ട് വേരുകളോളം നനയുന്ന ചേർത്തുപിടിക്കലുകൾ കൊണ്ട് ഗ്രാമീണതയുടെ നന്മ കൊണ്ട് കുടുംബമഹിമ കൊണ്ട് നിഷ്കളങ്കത കൊണ്ട് ഹൃദയത്തിൽ കോറിയിട്ട ആത്മബന്ധം മരിക്കുവോളം നെഞ്ചിൽ ഉണ്ടാകും... 

ഓർമ്മയിൽ നിന്നും ഒരിക്കലും ഇറങ്ങിപ്പോവാത്ത അത്രയുമുള്ള ബന്ധങ്ങൾ കൊണ്ട് മനസ്സിനോട് നിന്നവർ പോകുമ്പോൾ നാം ഏവരും വല്ലാതെ ഒറ്റപ്പെടുന്നു സങ്കടപ്പെടുന്നു..

 അവസാനം വാരിയിടുന്ന മൂന്ന് പിടി മണ്ണ് കൊണ്ട് വീട്ടിൽ തീർക്കാൻ കഴിയുന്നതല്ലല്ലോ അവരുമായുള്ള നമ്മുടെ സ്നേഹത്തിൻറ കടം... 

മനസ്സിന്റെ പ്രാർത്ഥനകളിൽ എപ്പോഴും ഇടം സൃഷ്ടിക്കാൻ നമുക്ക് എന്നും കഴിയണം ഓരോ പ്രാർത്ഥനാവേളകളിലും നമ്മളോട് ചേർന്ന് അടർന്നു പോയവരെ അവരുടെ റൂഹിനെ പ്രാർത്ഥനകൾ കൊണ്ട് നനച്ചു റബ്ബ് നമുക്കായി ബാക്കി വെച്ച് കാലം അവർ നൽകിയ സ്നേഹത്തിൻറ പരിഗണനയുടെ നന്ദിയായി സ്മരിച്ചു ധന്യമാക്കാൻ നമുക്ക് കഴിയട്ടെ...

നാഥാ...🤲🤲
ഞങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നും ഒരു ആത്മാവ് കൂടി നിന്നിലേക്ക് ഇടം പിടിക്കാൻ എത്തിയിട്ടുണ്ട് അവരുടെ പിഴവുകൾ മുഴുവനും പൊറുത്തു കൊടുത്തു അവരെ നിൻെറ പറുദീസയിൽ ഇടം കൊടുത്ത് അനുഗ്രഹിച്ചാലും ആമീൻ യാ റബ്ബൽ ആലമീൻ...🤲🤲🤲

പി കെ ബഷീർ

Post a Comment

Previous Post Next Post