രാവിലെ എട്ട് മണി കഴിഞ്ഞതോടെ സമീപത്തെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. റോഡിൽ ഒരു തുണിക്കെട്ട് കിടക്കുന്നതുകണ്ട് നോക്കുകയായിരുന്നെന്നാണ് പറയുന്നത്. 'വംശിക' ഫ്ലാറ്റിൽ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ ഫ്ലാറ്റിലെ താമസക്കാരിൽ ഗർഭിണികളില്ലായിരുന്നുവെന്നാണ് വിവരം. ഇവിടെ ജോലി ചെയ്യുന്നവരിലും ഗർഭിണികളില്ലായിരുന്നു. പൊലീസ് ഫ്ലാറ്റിലെ താമസക്കാരെ ചോദ്യം ചെയ്യുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലും പരിശോധന നടക്കുന്നുണ്ട്. ഇവിടെ 21 കുടുംബങ്ങളാണ് താമസിക്കുന്നത്.
ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്റെ മൃതദേഹമാണ് ലഭിച്ചത്. കുഞ്ഞിനെ ജീവനോടെ താഴേക്ക് എറിഞ്ഞതാണോ അതോ കൊലപ്പെടുത്തിയതിന് ശേഷം എറിയുകയായിരുന്നോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. വലിച്ചെറിഞ്ഞപ്പോഴുണ്ടായ പരിക്കുകൾ മാത്രമാണ് ശരീരത്തിലുള്ളതെന്നും വിവരമുണ്ട്.