കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതരായ 18 പേരുടെ വായ്പ എഴുതിത്തള്ളി മുത്തൂറ്റ് ക്യാപിറ്റൽ. ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നുള്ള 17 പേരുടെ വായ്പകളും റിപ്പോർട്ടർ ടിവി ചൂണ്ടിക്കാട്ടിയ രാജേഷിൻ്റെ വായ്പയും ഉൾപ്പെടെ 18 ലോണുകളാണ് എഴുതി തള്ളുക. ഇതിനായി 18 പേരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. പട്ടിക ഹെഡ് ഓഫീസിലേക്ക് അയക്കും. ഹെഡ് ഓഫീസിൻ്റെ അനുമതി ലഭിച്ചാൽ 18 പേരുടേയും ലോണുകൾ തള്ളുമെന്നാണ് വിവരം. പലതരത്തിലുള്ള ലോണുകളാണ് എഴുതിതള്ളുക. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.
രാജേഷിൻ്റെ പിതാവ് ഓട്ടോറിക്ഷ വാങ്ങാനെടുത്ത വായ്പ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് മുത്തൂറ്റ് ക്യാപിറ്റൽ മാനേജർ അറിയിച്ചു. മാനേജര്‍ കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഓട്ടോറിക്ഷ നഷ്ടപ്പെട്ടപ്പോഴും അതിനായി കോളുകളും നോട്ടീസുകളും വന്നിരുന്നു. ആ നോട്ടീസിൻ്റെ പേരിൽ ഇനി ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പും ബാങ്ക് നൽകിയിട്ടുണ്ട്. ബാങ്കിലെ സംഘം നാളെ ദുരന്തബാധിത മേഖല സന്ദർശിക്കും. സന്ദർശനത്തിന് ശേഷം വായപ് എഴുതിതള്ളാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുക.