Trending

സിസേറിയൻ കഴിഞ്ഞെത്തിയ ഭാര്യയെ മർദിച്ചു, സ്റ്റിച്ച് പൊട്ടി രക്തം വാർന്നു: സന്ദീപ് ഘോഷിനെതിരെ അയൽക്കാർ

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ യുവ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ആർജെ കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൾ ഡോ സന്ദീപ് ഘോഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അയൽവാസികൾ. സിസേറിയൻ കഴിഞ്ഞെത്തിയതിന് പിന്നാലെ ഭാര്യയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന ആരോപണമാണ് അയൽവാസികൾ ഉയർത്തിയിരിക്കുന്നത്. ബരാസതിലെ ഘോഷിൻ്റെ മുൻ അയൽവാസികളാണ് 12 വർഷങ്ങൾക്ക് മുൻപ് നടന്ന അതിക്രമങ്ങൾ വിവരിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

രണ്ട് വർഷത്തോളം ബരാസതിൽ താമസിച്ചിരുന്ന ഘോഷ് അനാശാസ്യത്തിന് പേരുകേട്ട ആളാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഘോഷ് ഭാര്യയെ മർദിക്കുന്നത് ചോദ്യം ചെയ്തതിനെകുറിച്ചും അയൽവാസികൾ പറയുന്നുണ്ട്.

'ഞാനും ഘോഷും തമ്മിൽ ഒരിക്കൽ വാക്ക് പോരുണ്ടായി. അദ്ദേഹത്തിന്റെ പെരുമാറ്റം എപ്പോഴും മോശമായിരുന്നു. അദ്ദേഹം ഡോക്ടറാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇവിടെ താമസിച്ചിരുന്ന കാലത്ത് അദ്ദേഹം ഭാര്യയെ ക്രൂരമായി മർദിക്കുന്ന സംഭവമുണ്ടായിരുന്നു. സിസേറിയൻ കഴിഞ്ഞെത്തി 14-ാം ദിവസം ഇയാൾ ഭാര്യയെ മർദിച്ചിരുന്നു. ആ സ്ത്രീയുടെ സിസേറിയൻ ചെയ്ത സ്റ്റിച്ചുകൾ പൊട്ടി രക്തം വാർന്നു. അദ്യം കുടുംബപ്രശ്നമായി കണ്ട് നാട്ടുകാർ ഇടപെടാറുണ്ടായിരുന്നില്ല. എന്നാൽ സ്ഥിതി​ഗതികൾ മോശമായതോടെ പ്രദേശവാസികൾ ഇടപെടുകയായിരുന്നു', ഘോഷിന്റെ അയൽവാസിയായ ആശിഷ് ബാനർജി പറഞ്ഞതായി ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു. ഘോഷ് ആരുമായും ഇടപഴകുന്ന പ്രകൃതക്കാരനായിരുന്നില്ലെന്നും പ്രദേശവാസികൾ കൂട്ടിച്ചേർക്കുന്നു.

അതേസമയം ഘോഷിനെതിരെ രൂക്ഷ വിമർശനവുമായി ആർജെ കർ മെഡിക്കൽ കോളേജ് മുൻ ജീവനക്കാരനായിരുന്ന അക്തർ അലിയും രംഗത്തെത്തിയിരുന്നു. ഘോഷ് മാഫിയയിൽ കുറഞ്ഞതൊന്നുമല്ലെന്നും അദ്ദേഹത്തിനെതിരെ പരാതി നൽകിയതിന് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നും അലി പറയുന്നു. ബയോമെഡിക്കൽ മാലിന്യ അഴിമതിയിൽ ഘോഷ് പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷയിൽ തോൽപ്പിക്കില്ലെന്നും മറ്റും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളിൽ നിന്നും ഇയാൾ വലിയ തുക കൈപ്പറ്റാറുണ്ടായിരുന്നുവെന്നും അലി പറഞ്ഞു.

യുവ ഡോക്ടർ ബലാത്സം​​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സന്ദീപ് ഘോഷിനെതിരെ വിമർശനങ്ങൾ ശക്തമാകുകയാണ്. കൊലപാതകത്തിന് പിന്നാലെ ഘോഷ് പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് മറ്റൊരു സ്ഥാപനത്തിൽ ഉയർന്ന തസ്തികയിലേക്ക് നിയമിതനാകുകയും ചെയ്തിരുന്നു.

കൊൽക്കത്ത ഹൈക്കോടതി ഡോ. ഘോഷിനെ അനിശ്ചിതകാല അവധിക്കയച്ച് ദിവസങ്ങൾക്കകമാണ് അയൽവാസികൾ ഇയാൾക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്തെത്തുന്നത്. തിടുക്കത്തിലുള്ള ഘോഷിന്റെ പുനർനിയമനത്തിനെതിരെയും വിമർശനങ്ങൾ ഉയരുകയാണ്.

നേരത്തെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഘോഷിന് കൊൽക്കത്ത പോലീസ് നോട്ടീസയച്ചിരുന്നു. പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. കേസിൽ സന്ദീപ് ഘോഷിനെ അഞ്ചിലധികം തവണ ഇതിനകം തന്നെ സിബിഐ ചോദ്യം ചെയ്തിരുന്നു.

ഓ​ഗസ്റ്റ് ഒൻപതിനായിരുന്നു കൊൽക്കത്തയിലെ ആർജെ കർ ആശുപത്രിയിൽ യുവ ഡോക്ടർ കൂട്ട ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

Post a Comment

Previous Post Next Post