Trending

ഏഷ്യയിലെ ആദ്യ എം പോക്സ് കേസ് തായ്‍ലാൻഡിൽ സ്ഥിരീകരിച്ചു


 

ബാങ്കോക്ക് | ഏഷ്യയിലെ ആദ്യത്തേയും ആഫ്രിക്കയ്ക്ക് പുറത്ത് രണ്ടാമത്തേയും എം പോക്സ് കേസ് തായ്‍ലാൻഡിൽ സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യം സന്ദർശിച്ച് മടങ്ങിയെത്തിയ 66കാരനാണ് രോഗം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 14നാണ് ഇദ്ദേഹം ബാങ്കോക്കിൽ എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ രോഗലക്ഷണം കാണിച്ചുതുടങ്ങിയതായി തായ്‌ലൻഡിലെ ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. 

കഴിഞ്ഞ വർഷം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട എം പോക്സ് ബാധിച്ച് ഇതുവരെ 450 പേരെങ്കിലും മരിച്ചതായാണ് കണക്കുകൾ. അതിനുശേഷം ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട തുടങ്ങിയ സമീപരാജ്യങ്ങളിലേക്കും ഇത് ബാധിച്ചു. 

ഇപ്പോൾ ഡിആർസിയുടെ കിഴക്ക് ഭാഗത്ത് ക്ലേഡ് 1 ബി എന്ന് വിളിക്കപ്പെടുന്ന എംപോക്‌സിൻ്റെ കൂടുതൽ ആശങ്കാജനകമായ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇത് അതിർത്തിയിലും അയൽ രാജ്യങ്ങളിലും വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 

ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് ഒരാഴ്ച മുമ്പ് ക്ലേഡ് 1 ബി കേസ് സ്ഥിരീകരിച്ചത് സ്വീഡനായിരുന്നു. രോഗബാധിതനായ വ്യക്തി അടുത്തിടെ ഒരു ആഫ്രിക്കൻ രാജ്യം സന്ദർശിച്ച് മടങ്ങിയെത്തിയയാളാണ്. 

ലൈംഗികത, ത്വക്ക്-ചർമ്മ സമ്പർക്കം, മറ്റൊരാളുമായി അടുത്ത് സംസാരിക്കുകയോ ശ്വസിക്കുകയോ പോലുള്ള അടുത്ത സമ്പർക്കം എന്നിവയിലൂടെയാണ് എം പോക്സ് പകരുന്നത്. 

Post a Comment

Previous Post Next Post