കാലത്തിൻറ കാഠിന്യത്തിൽ നിന്ന് തിരികെ സ്നേഹ കാരുണ്യത്തിൻ വസന്തത്തിലേക്ക് തിരിച്ചു പോകാൻ പുണ്യ റബീഹിനെ വരവേറ്റു മുസ്ലിം മനസ്സുകൾ...
കൊടിയതാം അക്രമം ലഹരി മയം അരാജകത്വം ചൂതാട്ടം മാനവികതയ്ക്ക് ഒട്ടുമെ വിലയില്ലാ കാലമാം മക്ക..
കുടുംബത്തിൽ സന്തതി സ്ത്രീയായി പിറന്നാൽ ജീവനോടെ കുഴിച്ചുമൂടുന്ന ജീവ ദീനമെ ഇല്ലാക്കാലം...
ആമിനാബീവിയുടെ തൻ ജന്മ സുകൃതമെ ആടിനെ മേക്കാൻ പോയ അൽ അമീനെ...
ഇറാ ഗുഹയുടെ ശാന്ത ഗഹ്വരത്തിൽ പ്രവാചകത്വം പകരാൻ വിശുദ്ധ മാലാഖ നെഞ്ചോട് ചേർത്തനേരം "ഇഖ്റഹ് " സൂക്തമോതി...
പ്രവാചകത്വത്തിൻ മഹാഗരിമ തൻ തണുത്ത ദീക്ഷയാൽ ഇളം പൈതൽ പോൽ വിറച്ചു പോയൊരങ്ങയെ പുതപ്പിട്ട് മൂടി ചേർത്തണച്ചല്ലോ ഖദീജ പ്രിയപത്നി...
ദയാപരൻ പ്രപഞ്ചനാഥൻ തൻ അരുളപ്പാടാൽ "റഹ്മത്തുൽ ആലമീനെന്ന" പ്രവാചകത്വത്തിൻ
മഹാ മകുടമേകി കാരുണ്യത്തിൻ തെളിനീര് കല്പാന്ദകാലമന്നെ ' മുതൽ സംസമെന്നോണം നിർഗളം ഒഴുകും നിത്യ സത്യമെ ...
കറു കറുത്ത നീഗ്രോ അടിമ ബിലാലിനെയും വെളുവെളുത്ത സവർണ്ണ ജന്മം സൽമാനുൽ ഫാരിസിയെയും ഒരേ പാത്രത്തിൽ ഊട്ടിയ പുണ്യ റബിഹിന്റെ കാരുണ്യമെ സലാം "സ്വല്ലല്ലാഹു അലൈഹിവസല്ലം"...
ഏക ഇലാഹ എന്ന നേര് ചോരാതെ ചൊല്ലിയനേരം കല്ലായ കല്ലല്ലാമെടുത്ത് എറിഞ്ഞു ഭ്രാന്തർ...ചോരപൊട്ടി വേദനിച്ചല്ലോ പൂമേനിയെങ്കിലും അങ്ങ് പ്രാർത്ഥിച്ചതോ അറിവില്ലാത്തവർ ചെയ്ത അപരാധമെല്ലാം പൊറുക്കണേ കാക്കണേ എന്നല്ലോ കാരുണ്യമേ...
"ത്വല അൽ ബദറു അലൈനാ " ഞങ്ങടെ ഹൃദയത്തിലും അങ്ങ് കുടിൽകെട്ടി താമസിക്കണേ കാഠിന്യമാം ഈ കാലമിലും തരളിതമാക്കണേ മനം... പുണ്യ നബി...
✍️ബഷീർ വടകര
Tags:
GULF NEWS