വടക്കഞ്ചേരി മുതല്‍ മണ്ണുത്തിവരെ 28 കിലോമീറ്റര്‍ റോഡില്‍ പലയിടത്തും തടസങ്ങളാണ്. ആറുവരിപ്പാതയ്ക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേല്‍പ്പാലം കുത്തിപ്പൊളിച്ചത് 65 തവണയാണ്. ഇപ്പോഴും പാലം ബലക്ഷയത്തിലാണ്. വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഇത് ഗതാഗത തടസമുണ്ടാക്കുന്നു.
2009 ല്‍ ദേശീയപാത നിര്‍മാണം ആരംഭിച്ചത് മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ ഈ പാതയില്‍ 316 പേര്‍ അപകടങ്ങളില്‍ മരിച്ചതായി വിവരാവകാശ രേഖകള്‍ പറയുന്നു. ഈ മാസം 15 മുതല്‍ ദേശീയപാതയിലെ അഞ്ചു കിലോമീറ്റര്‍ പരിധിക്ക് അപ്പുറമുള്ളവരില്‍നിന്ന് ടോള്‍ പിരിക്കുമെന്ന് ടോള്‍ കമ്പനി പറയുമ്പോള്‍ നിര്‍മാണങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ടോളിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് കൂടി വരുന്നതോടെ സര്‍വീസ് റോഡ് ഇല്ലെങ്കില്‍ ഒന്നും നടക്കാത്ത സ്ഥിതിയാകും.
ദേശീയപാതാ അതോറിറ്റിയും മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റും പൊലീസും ജനപ്രതിനിധികളും സുരക്ഷാ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയില്ല.
ദേശീയപാത നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് പ്രദേശവാസികളുടെ പരാതിയില്‍ കെ. രാധാകൃഷ്ണന്‍ എം.പിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും നടപടി സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ ഉറപ്പ് നല്‍കി പോയതല്ലാതെ ഒന്നും സംഭവിച്ചില്ല.
റോഡ് സുരക്ഷ സംബന്ധിച്ച് വാളയാര്‍ മുതല്‍ വാണിയമ്പാറ വരെ ദേശീയപാതയില്‍ വകുപ്പ് അധികാരികളുടെ സംയുക്ത പരിശോധനയില്‍ വേണ്ടതായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നും റോഡ് നിര്‍മാണത്തിലെ അപാകതയും കണ്ടെത്തിയിരുന്നു. പക്ഷേ തുടര്‍നടപടി ഉണ്ടായില്ല.