Trending

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം; ഭൂമി ഏറ്റെടുക്കല്‍ നടപടി സ്റ്റേ ചെയ്യണമെന്ന ഹാരിസണ്‍ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി | വയനാട് മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടി സ്റ്റേ ചെയ്യണമെന്ന ഹാരിസണ്‍സിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ച ഡിവിഷന്‍ ബെഞ്ച് ഹാരിസണ്‍സ് മലയാളം നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കി.

വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി ദുരന്തനിവാരണ നിയമമനുസരിച്ച് സര്‍ക്കാരിന് ഭൂമിയേറ്റെടുക്കാം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റും എല്‍സ്റ്റണ്‍ എസ്റ്റേറ്റും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

പുനരധിവാസത്തിന് ഭൂമി വിട്ടുനല്‍കാനാവില്ലെന്നും ഏറ്റെടുക്കുന്ന ഭൂമിക്കുമേല്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ തുക ബോണ്ടായി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദങ്ങള്‍. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച ബെഞ്ച്, ഹാരിസണ്‍സിന്റെ അപ്പീല്‍ തീര്‍പ്പാക്കുകയും ചെയ്തു. 

പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിച്ച കോടതി, പദ്ധതി എന്ന് തുടങ്ങാനാവുമെന്നും ചോദിച്ചു. ഉടന്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാര തുകയായ 26 കോടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉടന്‍ കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 

Post a Comment

Previous Post Next Post