Trending

ഈ വ്യഥക്കാലത്ത് വ്രതങ്ങൾ വ്രഥാവിലാവില്ല സത്യം....

✍️ ചീഫ് എഡിറ്റർ ബഷീർ വടകര
മനസ്സും ചിന്തകളും ദുഷിച്ച്  ദുർമാർഗത്തിൽ വിഹരിക്കുന്ന മാനവ ജീവിതത്തെ വിമലീകരിക്കുവാനാണ് മതങ്ങൾ വ്രതാനുഷ്ഠാനങ്ങൾ പഠിപ്പിച്ചത്...

ആത്മാവും മനസ്സും ശരീരവും ഒരേ രേഖാംശ രേഖയിലും അക്ഷാംശ രേഖയിലും ത്രിവേണി സംഗമെന്നപോലെ ശാന്തിയുടെ ഓളങ്ങൾ തീർക്കുന്ന അനർഘനിമിഷമാണ് വ്രതവേളകൾ...

സത്യവിശ്വാസികളെ മുമ്പുള്ളവരോട് കൽപ്പിക്കപ്പെട്ടതുപോലെ നിങ്ങൾക്കും നിർബന്ധമായി നിജപ്പെടുത്തിയിരിക്കുന്നുവെന്നും നിങ്ങളുടെ മേൽ സംഭവിക്കുന്ന ദോഷബാധയെ ചെറുക്കാനാണ് നോമ്പ് ഉപാധിയാക്കിയിട്ടുള്ളത് എന്നും (വിശുദ്ധ ഖുർആൻ 2:13) അരുളപ്പാട് നൽകുന്നുണ്ട്...

ആധുനിക മനുഷ്യൻ കാട്ടിക്കൂട്ടുന്ന എല്ലാ പൈശാചിക പ്രവണതകളുടെയും ഹൃദയം ഉറഞ്ഞു പോകുന്ന  മൃഗീയതയുടെയും കൊടും കൃത്യങ്ങളിൽ നിന്ന് ആർദ്രതയുള്ള മനുഷ്യത്വത്തിലേക്ക് നടന്നു പോകാനുള്ള നിലാ വെളിച്ചമാണ് വ്രതക്കാലം എന്ന് വിവക്ഷ....

സ്വൗമ്" എന്ന അറബി പദം സംഗതികളെ വെടിയുക എന്ന  അർത്ഥമാണ് നൽകുന്നത് എങ്കിൽ ആ വാക്ക് തന്നെയാണ് നോമ്പിന്റെ അറബി ഭാഷാർത്ഥവും. '

ഇസ്ലാമിന്റെ വ്രത ദർശനം വ്യക്തി സംസ്കരണത്തിൽ ഒതുങ്ങാതെ സമ്പന്നതയിലെ രുചിയറിഞ്ഞ ബോധ്യങ്ങളിൽ നിന്ന് പട്ടിണിക്കാരനോടുള്ള സഹാനുഭൂതി ഉണരണരുക എന്ന മാനവിക ദർശനംകൂടി വ്രതദർശനത്തിൻ്റെ ലക്ഷ്യമാവുന്നുണ്ട്...

ഹൈന്ദവ മതത്തിലും ധർമ്മത്തിലേക്ക് മാനവനെ പരിവർത്തിക്കാൻ വ്യത്യസ്ത വ്രത കാലങ്ങൾ പ്രഖ്യാപിതമാണ്, ഏകാദശി വ്രതം, ഷഷ്ഠിവൃതം പ്രദോഷ വ്രതം നവരാത്രി ശിവരാത്രി വ്രതമെന്നിങ്ങനെ മാനസീക ശാരീരിക സൗഖ്യത്തിനും ദൈവപ്രീതിക്കുമായെല്ലാം വ്രതങ്ങൾ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു...

ആകാശത്ത് നിന്ന് സാത്താന്റെ പ്രലോഭനങ്ങളിൽ നിന്ന് ശക്തി നേടാനായി യേശുവിന്റെ ആത്മാവ് 40 ദിവസത്തെ ഉപവാസം എടുക്കാൻ ഭൂമിയിൽ പറഞ്ഞയച്ചതായ് സുവിശേഷത്തിൽ സൂചിപ്പിക്കുന്നു...അങ്ങനെയെല്ലാ മതങ്ങളും വ്രതത്തിൻ്റെ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു...

വ്രതത്തിന്റെ ശാസ്ത്രീയ ദർശനങ്ങളിൽ മനുഷ്യശരീരത്തിൽ മെറ്റാ ബോളിക്ക് സിൻഡ്രോം ക്രമപ്പെടുത്താൻ വ്രതോപാസന ഉപകരിക്കപ്പെടുമെന്ന് തെളിയിച്ചിരിക്കുന്നു. '

അനാവശ്യമായതെല്ലാം തിന്നും കൊഴുത്തും അരുതായ്മകളെല്ലാം കണ്ടും മടുത്തും നാം ടോക്സിക്കാവുമ്പോൾ ഡിസ്കണക്ട് എൻ്റ് റീചാർജ് എന്ന വളരെ പ്രോഡക്ടീവായ ഒരു പ്രോസസ്സ് വ്രതകാലങ്ങളിൽ നമ്മുടെ മനസ്സിലും ശരീരത്തിലും സംഭവിക്കുന്നുണ്ട്...

മനുഷ്യൻറെ മനസ്സിലാണ് എല്ലാ യുദ്ധവും കലാപവും ആദ്യമായി രൂപം കൊള്ളുന്നത് പിന്നീടാണത് യുദ്ധമൈതാനിയിലും തെരുവോരങ്ങളിലും ബോംബായി തീയായി രുധിരദുരിതം വിതയ്ക്കുന്നത്...

കാണാത്ത വൈദ്യുതി എന്നപോലെ  മനസ്സിൻ്റെ പവർ ദുഷ്ടതയിലും നന്മയിലും ഉഗ്രമായ ഊർജ്ജസ്രോതസ്സാണെന്ന് ബോധ്യപ്പെടുമ്പോൾ ഇന്നിൻ്റെ പൈശാചിക കൃത്യങ്ങളിൽ നിന്ന് കാരുണ്യത്തിന്റെ മാനവികതയിലേക്ക് മനസ്സിനെ എളിമപ്പെടുത്താൻ വ്രതം ഉപാധിയെന്ന് ശാസ്ത്രീയ ആത്മീയ ദർശനങ്ങൾ വിരൽ ചൂണ്ടുന്നു... 

മനസ്ഥിതി മാറിയാൽ എല്ലാ വ്യവസ്ഥിതിയും മാറുമെന്നു മാത്രമല്ല
ഉപവാസത്തിൻ്റെ മധു മഴ തൂകിയ മണ്ണിൽ ധ്യാനത്തിന്റെയും ഭക്തിയുടെയും വിത്തുകൾ മുളച്ച് ശാന്തിയുടെ മഹാ ബോധിവൃക്ഷ ശിഖരങ്ങൾ കാലാതിവർത്തിയായി തണൽ വിരിച്ചു നില്ക്കും...

മനുഷ്യ പ്രകൃതം ഏറ്റവും കൂടുതൽ അറിയുന്ന ദൈവം തന്നെ ദൈവിക മതത്തെ പ്രകൃതി മതമായി ബന്ധിപ്പിച്ചിരിക്കുന്നത് എന്നതിന്റെ ഏറ്റവും മഹത്തായ ഉദാഹരണമാണ് വ്രതം നിർബന്ധമാണ് എന്ന ദൈവിക നിഷ്കർഷതയിലൂടെ നാം തിരിച്ചറിയുന്നത്...

അന്നപാനീയങ്ങളും അരുതാ കർമ്മങ്ങളും ഉപേക്ഷിച്ച് സ്ഫുടം ചെയ്ത് നേടിയ നേട്ടത്തിന്റെ മഹാ അനുഗ്രഹത്തിന്റെ ആഘോഷമാണ് പെരുന്നാളിൻ്റെ പരം പൊരുളായി നാം കൊണ്ടാടുന്നത്...

പുണ്യ റംസാനിൻ്റെ ഭക്തിയിലാളിയ വ്രത ദിനരാത്രങ്ങളാൽ "മനം ശുദ്ധമാക്കാം മണ്ണ് എന്ന് സുന്ദരമാക്കാം " എന്ന തിരിച്ചറിവോടെ റംസാനിന്റെ നന്മ മാലോകർക്കെല്ലാം മംഗളമായി ഭവിക്കാനുള്ളതാവട്ടെ എന്ന പ്രാർത്ഥനയോടെ...

 *ബഷീർ വടകര*

Post a Comment

Previous Post Next Post