ന്യൂഡൽഹി | ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ അന്വേഷണത്തിൽ അതിർത്തി കടന്നുള്ള ബന്ധങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പാകിസ്ഥാനെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള ബന്ധം വിച്ഛേദിക്കാൻ രാജ്യത്തിന്റെ പരമോന്നത സുരക്ഷാ തീരുമാനങ്ങൾ എടുക്കുന്ന സമിതിയായ സുരക്ഷാ കാബിനറ്റ് സമിതി (CCS) തീരുമാനിച്ചു. ഇതനുസരിച്ച് പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കി.
ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ ഒരു വിദേശ പൗരൻ ഉൾപ്പെടെ 26 പേർ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പാകിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ഇന്ന് ചേർന്ന സി എസ് എസ് യോഗം കടുത്ത നടപടി സ്വീകരിച്ചത്.
സിന്ധു നദീജല കരാർ റദ്ദാക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ ഉലച്ചിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. എങ്കിലും, രാജ്യസുരക്ഷയെ മുൻനിർത്തി ഇത്തരമൊരു തീരുമാനമെടുത്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കൂടാതെ, പാകിസ്ഥാനുമായി നിലവിലുള്ള മറ്റ് സഹകരണ പദ്ധതികളും ഇന്ത്യ പുനഃപരിശോധിക്കാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ പ്രതികരണം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമാവുകയാണ്.
Tags:
NATIONAL