Trending

ഇന്നും പാക് ആക്രമണം വിമാനങ്ങൾ മറയാക്കി? ഡ്രോൺ പതിച്ച് പഞ്ചാബിൽ തീപിടിത്തം; പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം

ദില്ലി: ജമ്മു കശ്മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ ആക്രമണം തുടരുന്നു. പഞ്ചാബിലെ ഫിറോസ്‌പുരിൽ ഡ്രോൺ പതിച്ച് വലിയ തീപിടിത്തം നടന്നു. ഡ്രോണിൽ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. മൂന്ന് പേർക്ക് പരിക്കേറ്റെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോ‍ർട്ട് ചെയ്യുന്നു. ഇവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമെന്നും വിവരമുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. അതിനിടെ പ്രധാനമന്ത്രിയുടെ വസതിയിൽ നിർണായക യോഗം നടക്കുകയാണ്. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിട്ടുണ്ട്.

രാത്രി എട്ട് മണിയോടെയാണ് പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണം തുടങ്ങിയത്. ഈ സമയത്താണ് ലാഹോറിന് മേലെ ആകാശത്ത് രണ്ട് വിമാനങ്ങൾ ദൃശ്യമായത്. ആക്രമണത്തിന് യാത്രാവിമാനങ്ങൾ പാക്കിസ്ഥാൻ മറയാക്കുന്നുവെന്ന്  ഇന്ത്യ ഇന്ന് ആരോപിച്ചിരുന്നു. ഇന്നും ഇതേ നിലയിൽ പാകിസ്ഥാൻ ആക്രമണം നടത്തിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.

പഞ്ചാബിലെ ഫിറോ‌സ്‌പൂരിൽ പതിച്ച ഡ്രോണാണ് നാശം വിതച്ചത്. മൂന്ന് പേർക്കും പൊള്ളലേറ്റ് പരിക്കുണ്ടെന്ന് എസ്‌പി ഭൂപീന്ദർ സിങ് സിദ്ധു അറിയിച്ചു. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ ഒരു കുടുംബത്തിലുള്ളവരെന്നാണ് വിവരം. അതിനിടെ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഡ്രോൺ ആക്രമണം നടന്നതായി ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ഹാജിബാലിൽ ഡ്രോൺ എത്തിയെന്നും ഇതിനെ കരസേന തകർത്തെന്നുമാണ് വിവരം. കൂടുതൽ മേഖലയിലേക്ക് ആക്രമണം വ്യാപിക്കുകയാണ്. ശ്രീന​ഗർ, പഞ്ചാബിലെ തൺ താരൺ, ​ഗുരുദാസ്പൂർ എന്നിവിടങ്ങളിലും ഡ്രോൺ എത്തി. ശ്രീനഗർ വിമാനത്താവളത്തിന് നേരെ ആക്രമണം നടന്നെങ്കിലും ഇത് തകർത്തു. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് അറിയിപ്പ്. ഹിമാചൽ പ്രദേശിലെ സോലൻ ജില്ലയിൽ ഒടുവിലായി ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീന​ഗർ, ബദ്​ഗാം, അവന്തിപോര, സോപോർ, ബാരാമുള്ള, പുൽവാമ, അനന്തനാ​ഗ് എന്നിവിടങ്ങളിൽ ഡ്രോൺ എത്തിയെങ്കിലും എല്ലാം ആകാശത്ത് വച്ച് നിർവീര്യമാക്കിയെന്നാണ് വിവരം.

Post a Comment

Previous Post Next Post