✍️ ചീഫ് എഡിറ്റർ ബഷീർ വടകര
ഗുജറാത്തിലെ വിമാന ദുരന്തത്തിൽ കത്തിയമർന്ന് ബാക്കിയായ ഭൗതിക ശരീരം കുടുംബവും കേരളവും നോവോടെ ഏറ്റുവാങ്ങുമ്പോൾ എന്റെ കുടുംബത്തിന്റെ കൂടിസ്വകാര്യ ദുഃഖമായി മാറുകയാണ് ഈ ഒരു ദിവസം...
അതിജീവന പാതയിൽ പ്രവാസി നേഴ്സായിരുന്ന രഞ്ജിത പത്ത് വർഷങ്ങൾക്കു മുമ്പ് ദോഹയിൽ അബൂഹമൂറിൽ ഒരു ക്ലിനിക്കൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞാൻ വാടകക്കെടുത്ത വില്ലയുടെ ഒരു ചെറിയ പോർഷനിൽ ആയിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത്...
നിഷ്ക്കളങ്കമായി കുട്ടികളെപ്പോലെ സംസാരിക്കുകയും ഒരന്യ താബോധവും കാണിക്കാതെ എൻ്റെ കുടുംബത്തോടൊപ്പം സദാ സമയവും ചിലവഴിക്കുകയും ഞങ്ങളോടൊപ്പം കളിയും തമാശകളും പലപ്പോഴും ഭക്ഷണം പോലും ഞങ്ങൾക്കൊപ്പം കഴിക്കുകയും ഒഴിവുദിനങ്ങളിൽ ഔട്ടിങ്ങിന് വരെ ഒപ്പം കൂടിയിരുന്നവൾ ഒരു കുടുംബാംഗമെന്നോണം പ്രിയപ്പെട്ടവൾ ആയിരുന്ന ഞങ്ങൾക്ക്...
2014 മെച്ചപ്പെട്ട മറ്റൊര് ജോലി കിട്ടി ഒമാനിൽ പോയിട്ടും പലപ്പോഴും ഞങ്ങളെ ബന്ധപ്പെടാറുള്ള അത്രയേറെ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന വേറിട്ട മനസ്സായിരുന്നു അവളുടേത് ...
പരിചയപ്പെട്ട ഏവർക്കും ഇഷ്ടക്കാരിയാകുന്ന പ്രകൃതമുള്ള
രഞ്ജിതക്ക് ഈ ദുരന്തം നേരിട്ടതറിഞ്ഞ് അവളെ നേരിട്ട് അറിയാവുന്നവർക്കൊപ്പം എൻ്റെ വീടും ദുഃഖ കണ്ണീരിലാണ്....
സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്ന സമയത്ത് പോലും ഓണാഘോഷത്തിന്റെ സദ്യയും അതിൻറെ ചിട്ട വട്ടങ്ങളെല്ലാം അവളുടെ റൂമിന്റെ അസൗകര്യം കണക്കിലെടുത്ത് ഞങ്ങളുടെ കിച്ചണിലും ഞങ്ങളുടെ ഡൈനിംഗ് ഹാളിലും അവളുടെ സഹപ്രവർത്തകരെയെല്ലാം ക്ഷണിച്ച് അവൾക്കൊപ്പം പാകം ചെയ്തും വിളമ്പിയും ആഘോഷമാക്കിയ അന്നത്തെ മനോഹരമായ ഓർമ്മകൾ മനസ്സിൽ വല്ലാത്ത നേവായ് ഈ നേരത്ത് അനുഭവപ്പെടുന്നു...
ഞങ്ങളോടൊപ്പം എല്ലാം നോമ്പുതുറകളിലും മറ്റു വിശേഷങ്ങൾ ദിവസങ്ങളിലും അവളും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു എന്നത് മനസ്സിൽ മായാതെ കിടക്കുന്നു...
ശിഷ്ടകാലം ഇഷ്ടമക്കൾക്കും രോഗിയായ അമ്മയെ പരിചരിച്ചും ജീവിക്കാൻ ആഗ്രഹിച്ച അവളെന്ന ആ അമ്മക്കിളിയുടെ അപ്രതീക്ഷിത വിയോഗം സഹിക്കാവുന്നതിലും അപ്പുറമാണ് അവളെ അറിഞ്ഞവർക്കും ഇഷ്ടപ്പെട്ടവർക്കുമെല്ലാം...
പ്രാരാബ്ദങ്ങളുടെയും ആകുലതകളുടെയും കയറ്റങ്ങൾ കയറാനാവാതെ കടലിടുക്കുകൾക്കപ്പുറത്തേക്ക് പറന്നു പോകാൻ വിധിക്കപ്പെട്ട് സ്വപ്നങ്ങൾ പൂവണിയാതെ ചിറക്റ്റുപോയ ഒരുപാടു മനുഷ്യരുടെ പ്രതീകമാണ് ഞങ്ങളുടെ പ്രിയപ്പെട്ട രഞ്ജിതയും...
ഒപ്പം നിൻെറ കുഞ്ഞിനെ നാട്ടിൽ അമ്മയുടെ ചാരത്ത് ചേർത്ത് വെച്ച് വന്നതിന്റെ വിരഹ വേദനയുടെ അടക്കം പറഞ്ഞ ഓർമ്മകളെല്ലാം ഞങ്ങളിൽ ഇപ്പോഴും ഉണ്ട് ...
എങ്കിലും മരുഭൂ ജീവിത തീഷ്ണതയുടെ മണൽക്കാടുകളിൽ എത്ര കാറ്റ് അടിച്ചാലും മഞ്ഞുപോകാതെ അടയാളമായ ചില മനുഷ്യരുടെ കൂട്ടത്തിൽ പ്രിയപ്പെട്ടവളെ നീയും നിൻെറ വാക്കും പാട്ടും കളി തമാശകളും വേദനയോടെ ഞങ്ങൾ ഓർക്കുന്നു....
വിട പ്രിയ സഹോദരീ..
കഴിഞ്ഞ വർഷം മസ്ക്കത്തിലെ ആശുപത്രിയിൽ നിന്ന് രാജിവെച്ച് ലണ്ടനിലക്ക് മാറുമ്പോൾർ രജ്ഞിത സഹപ്രർത്തകർക്ക് നല്കിയ ചിത്രത്തിന് താഴെ അവൾ കുറിച്ചിട്ട വരികളാണിത് !
വേർപെടുന്നെരു കാറ്റിന് പറയാൻ കാലമരുളിയ സൗഹൃദമുണ്ട് കാത്തിരിക്കും കനവിന് പകരാൻ കാത്ത് വെച്ച ഓർമ്മകൾ ഉണ്ട്...വിട പറയുകയല്ല നീ പുതിയൊരു പേരിൽ ചേക്കേറുന്നു ...
രഞ്ജിത ദാമോദരൻ
...........................................................
✍️ ബഷീർ വടകര
Tags:
GULF NEWS