ആശയപരമായ യുദ്ധമാണ് നടക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കാൻ കഴിയുന്ന സ്ഥാനാർഥിയാണ് ബി സുദർശൻ റെഡ്ഡി എന്നും എല്ലാവരും ഈ പേരിനെ അംഗീകരിച്ചുവെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. 21ന് നോമിനേഷൻ സമർപ്പിക്കുമെന്ന് ഇന്ത്യാ സഖ്യം അറിയിച്ചു.
1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിലാണ് സുദർശൻ റെഡ്ഡിയുടെ ജനനം. 1971 ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ 6 മാസം കേന്ദ്ര സർക്കാരിന്റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് 2 ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട്, 2005 ഡിസംബർ 5 ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ 8 വരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.