Trending

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുക്കം തുടങ്ങി...


 വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ : ബഷീർ വടകര
അബുദാബി : 
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) 54-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുക്കങ്ങൾ രാജ്യത്തുടനീളം ശക്തമായി പുരോഗമിക്കുന്നു.

2025 ഡിസംബർ 2, 3 തീയതികളിൽ ദേശീയ ദിനത്തിനോടനുബന്ധിച്ച് ഔദ്യോഗിക അവധി ദിനങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ്.

“Spirit of the Union” എന്ന തീമിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ നടക്കുന്നത്,
രാജ്യത്തിന്റെ സ്ഥാപക മൂല്യങ്ങളും ലക്ഷ്യങ്ങളും ലോകത്തിൻ്റെ മുമ്പിൽ  ഉയർത്തിക്കാട്ടുന്ന വിവിധ സാംസ്കാരിക-കലാപരിപാടികളാൽ സമ്പനമാണ് ഈ പ്രാവശ്യത്തെ ദേശീയ ദിനാഘോഷ ചടങ്ങുകൾ "

വിപുലമായ പാരേഡുകൾ, വ്യോമപ്രകടനങ്ങൾ, ദേശീയ ഗാനത്തിന് അകമ്പടിയായ് സംഗീത-നൃത്താവിഷ്കാരങ്ങൾ,  ആകാശത്ത് വിസ്മയം തീർക്കുന്ന ഫയർവർക്കുകൾ, ഡ്രോൺ ഷോകൾ എന്നിവയ്ക്ക്  അബുദാബി, ദുബായ്, ഷാർജ, അജ്മാൻ തുടങ്ങി എല്ലാ എമിറേറ്റുകളും പ്രത്യേകം പ്രത്യേകം വേദികളാവും.

യുഎയുടെ തലസ്ഥാനമായ അബുദാബിയിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, വ്യോമസേനാ എയർ ഷോ, വാഹന റാലികൾ, രാത്രി ആകാശത്തെ പ്രകാശിപ്പിക്കുന്ന ഫയർവർക്കുകൾ എന്നിവയാണ് ഈ പ്രാവശ്യത്തെ പ്രധാന ആകർഷണങ്ങൾ.

ദുബായിൽ ഡൗൺ ടൗൺ, ബുർജ് ഖലീഫ മേഖലയിലും ദുബായ് മാളിലും വമ്പിച്ച സാംസ്കാരിക പരിപാടികൾ, കോൺസർട്ടുകൾ, ഷോപ്പിംഗ് ഫെസ്റ്റിവലുകളിൽ ഉപഭോക്താക്കളെ ആകർഷിപ്പിക്കുന്ന പ്രത്യേക സെയിൽ ഓഫറുകൾ സംഘടിപ്പിക്കും.

ഷാർജ, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലും പ്രാദേശിക സാംസ്കാരിക സംഘങ്ങൾ അവതരിപ്പിക്കുന്ന ജനകീയ കലാരൂപങ്ങൾ, കുട്ടികൾക്കായുള്ള വിനോദ-വിദ്യാഭ്യാസ പരിപാടികൾ, കുടുംബസമേതം പങ്കെടുക്കാവുന്ന ഭക്ഷ്യമേളകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടക്കും.

ദേശീയ ദിനത്തിന്റെ ഭാഗമായി, പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങൾ ദേശീയ പതാക പ്രദർശനങ്ങൾ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, ചരിത്ര പൈതൃക പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

രാജ്യമെമ്പാടും തെരുവുകളും കെട്ടിടങ്ങളും UAE പതാകയും തെരുവ് വിളക്കുകളാൽ വർണ്ണ വിസ്മയ നിറങ്ങളിൽ അലങ്കരിക്കപ്പെടും.

കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 2025 ഡിസംബർ 2-ന് ഇന്റർനാഷണൽ T20 ക്രിക്കറ്റ് ലീഗ് ടൂർണമെന്റിന്റെ നാലാം സീസനാണ് ആരംഭിക്കുന്നത്.

ദേശീയ ദിനാഘോഷങ്ങളോടൊപ്പം ക്രിക്കറ്റ് ആരാധകർക്കും ആവേശകരമായ അവസരം ഒരുക്കുന്ന തരത്തിലാണ് മത്സരക്രമം ഒരുക്കിയിരിക്കുന്നത്.

വിവിധ സമൂഹങ്ങളിലേക്കും തലമുറകളിലേക്കും UAEയുടെ ലോക ജനതയെ കോർത്തിണക്കിയതിൻ്റെ ആത്മഹർഷമാർന്ന നേട്ടങ്ങളുടെ ഓർമ്മകൾ പകർന്നു നൽകുന്ന വേദികൾ തന്നെയായിരിക്കും 54-ാമത് ദേശീയ ദിനത്തെ സമ്പന്നമാക്കുന്നത്.

രാജ്യത്തിൻെറ ദേശീയ ദിനം എന്നാൽ ഒരു പതാക ഉയർത്തുന്ന ചടങ്ങല്ല മറിച്ച് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് തുടരുന്ന യുഎഇ എന്ന രാജ്യത്തിൻെറ
ഒരു സാഹസിക ജൈത്രയാത്രയുടെ പ്രതിഫലിപ്പിക്കുന്ന കാഴ്ച കൂടിയാണ് ;

ദേശീയ ദിനാഘോഷം ഭാവിയെ ധൈഷണികമായി ഇനിയും മുന്നോട്ടുകൊണ്ടുപോകാൻ  സ്വദേശികളും വിദേശികളുമെല്ലാം ഒന്നിച്ചു ചേർന്ന് നിന്ന് പ്രതിഞ്ജ പുതുക്കൽ ഒക്കയാണ്.

“Spirit of the Union” — മരുഭൂമിയുടെ മണലുകളിൽ നിന്നുയർന്ന് ലോകത്തിന്റെ ഭൂപടത്തിൽ തെളിഞ്ഞൊരു ഐക്യത്തിന്റെ ഐതിഹാസിക കഥ.
അത് തന്നെയാണ് ഈ വർഷത്തെ ആഘോഷത്തിന്റെ തീം.

54-ാമത് ദേശീയ ദിനം രാജ്യത്തിന്റെ വികസനവും മാനവീയമായ  ഐക്യവും ഐശ്വര്യവും സമാധാനവും പുലരുന്ന നല്ല നാളേക്ക് വേണ്ടിയുള്ള സന്ദേശങ്ങളുടെ ആഘോഷമായാണ് യുഎഇ ദേശീയ ദിന ആഘോഷം കൊണ്ട് ലക്ഷ്യമിടുന്നത്...

Post a Comment

Previous Post Next Post