✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ : ബഷീർ വടകര
വ്യക്തിസ്വാതന്ത്ര്യവും സ്ഥാപനനിയമവും തുലാസിന്റെ രണ്ടുഭാഗങ്ങളിലായി നിൽക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത് നീതി എന്നത് ഒരു വശത്തെക്കുള്ള ചെരിവോ ജയമോ അല്ല, മറിച്ച് രണ്ടു വശത്തിന്റെയും സമത്വം കണ്ടെത്തുന്ന ശരിയായ സമവായം എന്നതാണ്.
വിദ്യാലയം യൂണിഫോം നിർബന്ധമാക്കുന്നത് മതത്തെ നിരസിക്കാനല്ല- അത് വിദ്യാർത്ഥികളിൽ സാമ്പത്തിക സാമൂഹിക വ്യത്യാസങ്ങളെ മറച്ച് പിടിച്ച് അച്ചടക്കവും നിഷ്പക്ഷതയും വളർത്താനുള്ള ഉപാധി ആയിട്ടാണ്!,
എന്നാൽ, യൂണിഫോം മതസ്വാതന്ത്ര്യത്തെ നിരാകരിക്കുന്നതാണോ എന്ന ചോദ്യത്തിന് ബഹളമല്ല വേണ്ടത്, ശാന്തവും ഗൗരവവുമായ ചിന്തയിലൂടെ ഉത്തരമന്വേഷിക്കുകയാണ് വേണ്ടത്.
ശിരോവസ്ത്ര വിഷയം സമൂഹത്തിൽ വിദ്വേഷം വളർത്താതെ, തുറന്ന മനസ്സോടും നിഷ്പക്ഷതയോടും ചേർന്ന് ചർച്ചകളിലൂടെ പരിഹരിക്കപ്പെടണം.
സ്വാതന്ത്ര്യം ഒരു കിളിയാണെങ്കിൽ അതിന് പറക്കാൻ വിശാലമായ ആകാശവും മൃദുവായ കാറ്റും വേണം....
ചിറകുകൾ മുറിക്കാതെയും മതിലുകൾ പണിയാതെയും മനസിനെ വിശാലമാക്കുക അതാണ് മഹത്തായ മാനവിക കാഴ്ചപ്പാട്..
ഒരു മുസ്ലിം പെൺകുട്ടിക്ക് ഹിജാബ് എന്നത് ഒരു തുണിയല്ല വിശ്വാസത്തിന്റെ സമർപ്പണവും വിനയത്തിന്റെ ആത്മീയ ഭാവവുമാണ്.
ആയതിനാൽ ശിരോവസ്ത്രം അണിയുന്നത് വിദ്യാഭ്യാസസ്ഥാപനത്തോടുള്ള വിമതപ്രകടനമോ വെല്ലുവിളിയോ അല്ല - മറിച്ച് ആത്മീയ ഗൗരവത്തിന്റെ പ്രതീകമാണത്.
എന്നാൽ സ്ഥാപനങ്ങൾ കൊണ്ടുവരുന്ന യൂണിഫോം നിയമം മതവിശ്വാസങ്ങളെ ഹനിക്കുന്നുണ്ടോ, അല്ലെങ്കിൽ അതിനെ ഉൾക്കൊള്ളാനുള്ള വഴികൾ കണ്ടെത്താനാവാതെ കുഴഞ്ഞു മറയുന്നുണ്ടോ?
ഹിജാബ് ധരിക്കുന്നത് തടയുന്നവർ സ്വന്തം മതാചാരപ്രകാരം അത് തന്നെ അണിയുന്നുണ്ട് എന്ന വൈരുദ്ധ്യം ശ്രദ്ധേയമാണ്.
മനുഷ്യൻ സ്വതന്ത്രനായി ജനിക്കുകയും അവന്റെ ചിന്ത, വിശ്വാസം, വേഷം, ജീവിതരീതി എല്ലാം അവന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന നിലയിൽ ഭരണഘടന ഈ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നു.
Article 19(1)(a)വ്യക്തിയുടെ ചിന്തയും വിശ്വാസവും വസ്ത്രധാരണമടക്കം ആവിഷ്കാരരൂപത്തിൽ പ്രകടിപ്പിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു.
Article 25(1) പൊതു ക്രമത്തിനും നന്മയ്ക്കും വിരുദ്ധമല്ലാത്ത മതാചാരങ്ങൾ പാലിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
Article 21വ്യക്തിയുടെ ജീവിതത്തെയും മാനത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നു.
ഇതെല്ലാം ചേർന്ന് പറയുന്നത് ഒരേയൊരു സന്ദേശമാണ് — ഭരണഘടനയുടെ ആത്മാവ് മനുഷ്യത്വവും സഹജീവിതബോധവും നിലനിർത്തുക എന്നതാണ്.
“എൻറെ വസ്ത്രം, എൻറെ അവകാശം” എന്ന് പറയുമ്പോഴും, അതിൽ ധാർമ്മികതയുടെയും മാന്യതയുടെയും അതിരുകൾ ലംഘിക്കരുത്. സ്വാതന്ത്ര്യത്തിനും ഉത്തരവാദിത്വത്തിനും ഇടയിൽ സമതുലിതത്വം അനിവാര്യമാണ്.
സ്കൂൾ എന്നാൽ കല്ലും സിമന്റും കമ്പികഷണവും ചേർന്ന കെട്ടിടമല്ല; അത് സമൂഹത്തിന്റെ ആത്മാവിനോടും സംസ്കാരത്തോടും ചേർന്നുനിൽക്കുന്ന ദേവാലയത്തോട് തുല്യമായ സ്ഥാനമാണ്. വിദ്യാർത്ഥികളുടെ മനസ്സിൽ മനുഷ്യബോധവും സഹജീവിത മൂല്യങ്ങളും വളർത്താനുള്ള പുണ്യസ്ഥലവും കൂടിയാണത്.
അതിനാൽ സ്കൂൾ നിർമ്മിക്കുന്നവരുടെ രാഷ്ട്രീയമോ മതമോ ആധിപത്യ ചിന്തകളോ അതിന്റെ സ്വഭാവം നിശ്ചയിക്കരുത്. സ്കൂൾ സമൂഹത്തിന്റെയും മനുഷ്യകുലത്തിന്റെയും ആത്മാവിനോട് സത്യസന്ധമായി നിലകൊള്ളുന്നിടത്തോളം കാലം മാത്രമേ അവിടെ ജീവഗന്ധിയായ വിദ്യാഭ്യാസം നൽകാൻ കഴികയുള്ളൂ...
മതേതരത്വം ബഹുസ്വരത എന്നതൊക്കെ മതവിരുദ്ധതയല്ല — എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന മനസ്സാണ് അതിന്റെ അർത്ഥം.
സർക്കാരിന്റെ നിലപാട് ഈ ബഹുസ്വര കാഴ്ചപ്പാടിന്റെ തുടർച്ചയാണെന്നത് അഭിനന്ദനാർഹം തന്നെ.
ഹിജാബ് വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി സമത്വത്തിന്റെ യഥാർത്ഥ അർത്ഥം വ്യക്തമാക്കുമെന്ന പ്രതീക്ഷയുണ്ട്.
അനുമതി നിഷേധിക്കപ്പെട്ടിട്ടും പ്രതിഷേധമില്ലാതെ നിശബ്ദമായി സ്കൂളിന്റെ പടിയിറങ്ങിയ പെൺകുട്ടിയുടെയും പിതാവിന്റെയും മനസ്സാന്നിദ്ധ്യം തന്നെയാണ് നമ്മുടെ മാതൃകയും അഭിമാനവും.
കാരണം നീതി ജയിക്കലല്ല, മനസ്സിലാക്കലാണ്
Tags:
കോഴിക്കോട്