Trending

അധ്യാപക ദിനം — നമ്മെയെല്ലാം മനുഷ്യനാക്കിയ ദിനം

✍️ ചീഫ് എഡിറ്റർ ബഷീർ വടകര
അധ്യാപക ദിനം (Teacher’s Day) ആചരിക്കുന്ന ദിനമാണ് ഇന്ന് —
ഗുരുക്കന്മാരോടുള്ള കടപ്പാടും നന്ദിയും പ്രകടിപ്പിക്കുന്ന ഒരു പ്രാധാനപ്പെട്ട ദിനം.

നമ്മെ രൂപപ്പെടുത്തുകയും, നന്നായി ചിന്തിക്കാൻ പഠിപ്പിക്കുകയും, ജീവിതത്തെ അർത്ഥവത്താക്കുകയും ചെയ്യുന്നവരാണ് അധ്യാപകർ. അവർ പുസ്തകജ്ഞാനം മാത്രമല്ല, മനുഷ്യനാകാനുള്ള വഴിയും കാണിച്ചു തരുന്ന പ്രകാശവുമാണ്.

കാലം മുന്നോട്ടുപോകുമ്പോൾ ലോകം അനന്തമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്നു.
സാങ്കേതികവിദ്യയും ആധുനികതയും മനുഷ്യന്റെ ജീവിതത്തെ എളുപ്പമാക്കുമ്പോഴും, മനസ്സിന്റെ ആഴങ്ങളിൽ വളരേണ്ട മൂല്യങ്ങൾ മങ്ങിയുപോകുന്നു.
അത്തരമൊരു കാലഘട്ടത്തിൽ, അധ്യാപകൻ ഒരു വിളക്കുമാടം പോലെ നിലകൊള്ളുന്നു.

മനസ്സുകളെ ഉണർത്തി, മനുഷ്യനായി വളരാനുള്ള വഴി കാണിച്ചുതരുന്ന പ്രകാശഗോപുരം പോലെയാണ് ഗുരുനാഥൻമാർ..

ഒരു പുസ്തകത്തിൽ നിന്ന് പഠിക്കാവുന്നതിനെക്കാൾ അധികം, ഒരു നല്ല അധ്യാപകൻ തന്റെ ജീവിതം കൊണ്ട് പഠിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ മൗനം പോലും ശിഷ്യന്റെ മനസ്സിൽ മൂല്യങ്ങളുടെ അക്ഷരങ്ങൾ കുറിക്കപ്പെടും.
വിജ്ഞാനത്തെ മാത്രമല്ല, കരുണയെയും നീതിയെയും സ്നേഹത്തെയും ഉൾക്കൊള്ളുന്ന ഒരു മനുഷ്യരൂപം തീർക്കാനുള്ള പരിശ്രമമാണ് യഥാർത്ഥ അധ്യാപനം.

ആകൃതികൾ ഒന്നുമില്ലാത്ത ഒരു ശിലക്ക് മഹത്തായ രൂപം കൈവരുന്നത് പ്രതിഭാധനനായ ഒരു ശിൽപി മനോഹരമായി കെത്തിയെടുക്കപ്പെടുന്നു എന്നതിനാലാണ് - അതെ പോലെയാണ് ഓരൊ  ശിഷ്യനെയും അധ്യാപകൻ രൂപപ്പെടുത്തിയെടുക്കുന്നത്.

ഈ ദിനത്തിൽ, അവർ പകർന്നേകിയ സാരോപദേശങ്ങളും ലാളിത്യമാർന്ന ജീവിതരീതിയും നാം ഓർത്തെടുക്കുന്നത് നന്നായിരിക്കും.

എന്റെ അധ്യാപകൻ ഷർട്ടിന്റെ പിറകിൽ എപ്പോഴും ഒരു ടവൽ മടക്കിവെക്കുന്നതിനെക്കുറിച്ച്  ഞാൻ അന്ന് ബാലചപലമായ കൗതുകത്തോടെ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു:

"ഒരു കുപ്പായം പിഞ്ഞി നശിക്കാൻ തുടങ്ങുന്നത് കഴുത്തിന്റെ പിറകിലാണത്രെ, അവിടെഒരു ടവൽ മടക്കിവെച്ച് സംരക്ഷിക്കാനായാൽ ആ കുപ്പായം ഏറെക്കാലം നിലനിൽക്കും” 
അകയാൽ ഒരു ടവ്വൽ അവിടെ മടക്കി വെച്ചാൽ കുപ്പായം ദീർഘകാലം രക്ഷപ്പെടുന്നുണ്ടത്രെ.

ജീവിതത്തിന്റെ ലാളിത്യവും കരുതലുമെന്തെന്നത് അത്ര ചെറുതായി എന്നാൽ അത്രയും മഹത്തായ പറഞ്ഞ ആ പാഠം ഞാൻ ഒരിക്കലും മറന്നു പോയിട്ടില്ല.

അവരെപ്പോലെ ജീവിതത്തിന്റെ ലാളിത്യത്തെ അധ്യയനമാക്കിയ ഗുരുവര്യരെ ആദരവോടെ ഓർക്കുന്ന ഈ അധ്യാപക ദിനത്തിൽ, നമുക്ക് നന്മകൾ പകർന്നുതന്ന എല്ലാ ഗുരുനാഥന്മാരെയും സ്മരിക്കാം, പ്രാർത്ഥനയർപ്പിക്കാം.

അവർ എഴുതിയും വായിച്ചും മാത്രമല്ല നമ്മെ പഠിപ്പിച്ചത് — ജീവിച്ചുകാണിച്ചു തന്നായിരുന്നല്ലോ.
ഗുരുവര്യമാർ പകർന്നു നൽകിയ നല്ല സംസ്കാരത്തിന്റെ ഓർമ്മകളെ ജീവിതത്തിലേക്ക് പകർത്തി ഈ അധ്യാപക ദിനത്തെ അർത്ഥവത്താക്കാനവട്ടെ.

പർണ്ണാശ്രമവും ഗുരുകുലവും പള്ളിക്കൂടവും കാലാന്തരത്തിൽ തള്ളിക്കളഞ്ഞ് നാം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇറങ്ങിത്തിരിച്ചപ്പോൾ ഗുരുനാഥന്മാരിൽ നിന്നു് ഇൻസ്ട്രർമാരിലേക്ക് സഞ്ചരിച്ച വഴി ദൂരത്തിൽ എത്തി നിൽക്കുമ്പോൾ ഈ അധ്യാപക ദിനത്തിന്റെ ആദരവാർന്ന ഓർമ്മകൾക്കും ആചരണത്തിനും ഏറെ പ്രസക്തിയുണ്ട് ...
അധ്യാപക ദിനാശംസകൾ.

Post a Comment

Previous Post Next Post