Trending

തട്ടമിട്ട ഉമ്മയുടെ മടിയിൽ ഭയമില്ലാതെ ഉറങ്ങുന്ന കുഞ്ഞയ്യപ്പൻ!

✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ: ബഷീർ വടകര


ശബരിമലയിലേക്കുള്ള യാത്രയിലായിരുന്ന ചെറുപ്രായത്തിലുള്ള അയ്യപ്പഭക്തൻ, ട്രെയിനിലെ യാത്രക്കിടെ നിദ്രാദേവി തലോടിയപ്പോൾ തലചായ്ച്ചത് ഒരാളുടെ മടിയിലായിരുന്നു —
അറിയാത്ത ഒരു സ്ത്രീയുടെ മടിയിൽ.
അവൾ ഒരു മുസ്ലിം സ്ത്രീയായിരുന്നു.
ഒരു മതത്തിന്റെ വേഷമുണ്ടായിരുന്നു അവർക്ക് : പക്ഷെ മനുഷ്യനെന്ന തിരിച്ചറിവാണ് അവളെ ആ നിമിഷം മാതാവാക്കി മാറ്റിയത്.

ആ ചിത്രത്തിൽ ഒരു കറുത്ത ഹിജാബിനടിയിൽ ഉറങ്ങുന്ന കുട്ടി അനുഭവിച്ചുണ്ടാവുക മതങ്ങളുടെ അതിരുകളെ മറികടന്ന കരുണയാണ്.
കുഞ്ഞയ്യപ്പൻ്റെ ഉറങ്ങുന്ന ആ മുഖത്ത് സുരക്ഷിതത്വത്തിന്റെ ശാന്തഭാവമുണ്ട്... ആ നന്മയുള്ള പർദ്ധക്കാരിയുടെ മുഖത്ത് അമ്മത്വത്തിന്റെ മൗനപ്രകാശവുമുണ്ട്..

ചിലമനുഷ്യർ ഉണ്ടാക്കുന്ന മുഴുവൻ വിദ്വേഷത്തിനും അപരവൽക്കരണത്തിനും മുകളിലൂടെ പാറുന്ന തിരിച്ചറിവിൻ്റെ ശാന്തി ചിത്രമാണത്....

ഈ കാലത്ത് ‘തട്ടത്തെ’ ഭയപ്പെടുന്നവരും, ‘മതത്തെ’ വെറുക്കുന്നവരും, ‘വ്യത്യാസത്തെ’ ആശങ്കപ്പെടുന്നവരും അനേകരുണ്ട്.
പക്ഷേ ഈ ഒരു ചിത്രം പറയാതെ പറയുന്ന ഉത്തരം വല്ലാതെ ഉൾപ്പുളകം ഉണ്ടാക്കുന്നു—

മനുഷ്യന്റെ അടിത്തറ ഭിന്നതയല്ല, സ്നേഹമാണ്.
അറിയാത്ത കുട്ടിയെ തോളിലേറ്റി ഉറക്കാൻ കഴിയുന്ന മനുഷ്യന്റെ മനസ്സിലാണ് ദൈവം വസിക്കുന്നത്.

ട്രെയിൻ ജനാലയിലൂടെ കാറ്റ് വീശിയപ്പോൾ, മതം എന്ന പാളിയും, വിശ്വാസം എന്ന മതിലും, ഭാഷയും ജാതിയും ഒട്ടുമൊന്നുമില്ലാതെ മനുഷ്യൻ മനുഷ്യനെ താങ്ങുന്ന ഈ ചിത്രത്തിന് ഒരു ദേശത്ത് ഹിജാബിനെ ഭയപ്പെടുന്നു എന്ന് ആരോ പറഞ്ഞു നടക്കുന്ന എല്ലാ കോലാഹങ്ങൾക്കും മറുപടി പറയാനുള്ള കരുത്ത് ഈ ചിത്രത്തിനുണ്ട്....

അതെ ഇത് കേരളത്തിന്റെ ആത്മാവാണ് 
അയ്യപ്പനും അല്ലാഹുവും ഒരേ മടിയിൽ ഒത്തുചേരുന്ന ബഹുസ്വരതയുടെ ആത്മാവ്. 

മതം നമ്മെ വേർതിരിച്ചാൽ മതത്തിന് പിന്നെ എന്ത് അർത്ഥമാണുള്ളത്;
മതം നമ്മെ മനുഷ്യരാക്കുന്നിടത്താണ് അതിന്റെ യഥാർത്ഥ ദിവ്യത്വമാർന്ന ദൗത്യം

അതെ ആ കുഞ്ഞ് ഉറങ്ങിയത് ഒരു സ്ത്രീയുടെ മടിയിലല്ല —
മനുഷ്യകുലത്തിന്റെ ഹൃദയത്തിലായിരുന്നു....
 
ഈ ചിത്രം ഞാൻ 
ഓർത്തെടുക്കാൻ കാരണം ഇന്നലെ ദുബായിൽ നടന്ന മാപ്പിള കലാ അക്കാദമിയുടെ അവാർഡ് ദാന ചടങ്ങിൽ ഞാൻ അതിഥിയായി പങ്കെടുത്തപ്പോൾ  ക്ലാസ്മേറ്റും വിശ്വപ്രസിദ്ധ കാലി ഗ്രാഫി ആർട്ടിസ്റ്റ് കൂടിയായ ഖലീലുള്ളാഹ് ചെമ്നാടിനും കൂടിയുള്ള അവാർഡ് ദാനച്ചടങ്ങായിരുന്നു. 
അയ്യപ്പനെ മടിയിൽ ഉറക്കിയത് ഖലീലുള്ള ചെംനാടിൻ്റെ സ്വന്തം സഹോദരിയായിരുന്നു

Post a Comment

Previous Post Next Post