Trending

വിട വാങ്ങിയത് മലയാള ജീവിതത്തിന്റെ സ്വന്തം ശരീര ഭാഷയായ ശ്രീനിവാസൻ


✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ. ബഷീർ വടകര
മലയാള സിനിമയിൽ
നടന്മാർ പലരുണ്ട്,
ഹാസ്യനടന്മാർ ഗൗരവ നടന്മാർ ഒരു പാടുണ്ട് -
പക്ഷേ മലയാള ജീവിതം തന്നെ ശരീര ഭാഷയാക്കി മാറ്റിയ ഒരാൾ
അവരിൽ ഒരാളുമല്ല 
അത് ശ്രീനിവാസൻ തന്നെയാണ്.

ശ്രീനിവാസൻ അഭിനയിച്ചത്
സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ അല്ല
അദ്ദേഹം അഭിനയിച്ചത്
നമ്മുടെ വീട്ടകങ്ങളിലുള്ള അച്ഛനെയും സഹോദരനനെയും ഭർത്താവിനെയും അളിയനെയും
ഓഫീസിലെ ക്ലാർക്കിനെയും,
കടം വാങ്ങി പമ്മിനിൽക്കുന്ന അയൽക്കാരനെയും,
സ്വപ്നങ്ങൾ ഒളിപ്പിച്ച് ജീവിക്കുന്ന
സാധാരണ മനുഷ്യനെയുമൊക്കെയായിരുന്നു.

അതുകൊണ്ടാണ്
അദ്ദേഹത്തെ കാണുമ്പോൾ
നമുക്ക് അഭിനയമായി തോന്നാത്തത്;

ശ്രീനിവാസ സിനിമകൾ ജീവിതം തന്നെയായി തോന്നുന്നത്
കഥാപാത്രങ്ങളിലൂടെ മലയാളിയുടെ ശരാശരി ജീവിതം എഴുതിയും അഭിനയിച്ചും സംവിധാനിച്ചും ജീവിച്ചു കാണിച്ച ശ്രീനിവാസനെപ്പോലെ മറ്റാരും നമുക്കുണ്ടായിട്ടില്ല.

ക്യൂബമുകുന്ദൻ
ഒരു കഥാപാത്രത്തിന്റെ പേരല്ല
അത്
കേരളീയ രാഷ്ട്രീയത്തിന്റെവീട്ടകത്തു നിന്ന് സമൂഹത്തിലേക്ക് നോക്കിയാൽ കാണുന്ന നേർ രേഖയാണത്.

രാഷ്ട്രീയം
ആശയത്തിൽ നിന്നു മാറി
വൈരമായി മാറുമ്പോൾ
അത്
അച്ഛനെയും മക്കളെയും
പരസ്പരം ശത്രുക്കളാക്കുന്ന
അവസ്ഥയെ
ക്യൂബമുകുന്ദൻ
നമ്മുടെ മുന്നിൽ എത്ര തന്മയത്വത്തോടു കൂടിയാണ് തുറന്നു കാട്ടിയത്.

അദ്ദേഹം അവിടെ അന്യതാ ബോധമുള്ള ഒരാളായിരുന്നില്ല
നമ്മൾ ദിനേന കാണുന്ന, കേൾക്കുന്ന, ചർച്ച ചെയ്യുന്ന
ഒരു സാധാരണ പച്ചയായ രാഷ്ട്രീയക്കാരനായ മനുഷ്യനായിരുന്നു.

‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ
സ്വയം മഹാനാണെന്ന
ഭ്രമത്തിൽ
ബന്ധങ്ങളെയും കുടുംബത്തെയും
ശ്വാസം മുട്ടിക്കുന്ന സൈക്കോ ഭർത്താവായ് അഭിനയിച്ചപ്പോൾ
അവിടെ ശ്രീനിവാസൻ
ചിരിപ്പിക്കുക മാത്രമല്ല
സ്വയം ആത്മപരിശോധനയ്ക്ക്
ഒരു കണ്ണാടി
സമൂഹത്തിന്റെ മുന്നിൽ വെക്കുകയായിരുന്നു.

സ്വന്തം ആത്മകേദ്രീകൃതമായ സ്വഭാവം
എത്ര നിശ്ശബ്ദമായാണ്
മനുഷ്യബന്ധങ്ങളെ നശിപ്പിക്കാമെന്ന്
അദ്ദേഹം അഭ്രപാളികളിലൂടെ തുറന്നു കാണിച്ചത് '

ചിന്താവിഷ്ടയായ ശ്യാമളയിൽ
അധികാരമില്ലാത്ത,
അവഗണനയും അപമാനവും
ദിവസേന സഹിക്കേണ്ടി വരുന്ന
ഒരു സാധാരണ പുരുഷനെ അവതരിപ്പിച്ചപ്പോൾ
പുരുഷത്വത്തെ പരിഹസിച്ച കഥാപാത്രമല്ല മറിച്ച്
ആധുനിക സമൂഹത്തിൽ
പുരുഷത്വം തന്നെ
എങ്ങനെ പ്രതിസന്ധിയിലാകുന്നു അവതരണമായിരുന്നു.

‘ഗാന്ധിനഗർ സെക്കന്റ് സ്റ്റ്രീറ്റ്’ എന്ന ചിത്രത്തിൽ
സ്ത്രീകളുടെ ലോകത്തിലൂടെ
സ്വന്തം ജീവിതവും
പുരുഷത്വവും ഗൗരവവും
നിലത്താൻ പാടുപെടുന്ന
ശ്രീനിവാസൻ
ചിരിയിലൂടെ
പുരുഷാധിപത്യത്തിന്റെ
പഴയ വ്യാഖ്യാനങ്ങളെ
നിശ്ശബ്ദമായി പൊളിച്ചെഴുതിയിട്ടുണ്ട്.

‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’ എന്നിവയിലെ
ദാസ് വിജയൻ കൂട്ടുകെട്ട്
ഒരു കോമഡി ടീം മാത്രമായിരുന്നില്ല
അത്
തൊഴിലില്ലായ്മ,
പൊള്ളയായ നഗരസ്വപ്നങ്ങൾ,
ഒരു നാട്ടുനിഷ്കളങ്കൻ പെട്ടുപോകുന്ന ചെറിയ തട്ടിപ്പുകൾ,
പലപ്പോഴും മരീചികയാവുന്ന വലിയ പ്രതീക്ഷകൾ 
ഇവയെല്ലാം ചേർന്ന പ്രസ്തുത സിനിമ
ഒരു കാലഘട്ടത്തിന്റെ
ജീവ ഗന്ധിയായ ഡോക്യുമെന്റായിരുന്നു.

‘പഞ്ചവടിപ്പാലം’ പോലുള്ള സിനിമകളിൽ
ശ്രീനിവാസൻ
അഴിമതിയെയും
രാഷ്ട്രീയ കപടതയെയും
അധികാര നാടകങ്ങളെയും പൊളിച്ചടുക്കി
ചിരിയാക്കി മാറ്റി.

എന്നാൽ അത് അത്ര
സുരക്ഷിതമായ ചിരിയല്ലായിരുന്നിട്ടും
ചിരിച്ചുകൊണ്ട്
അധികാരത്തെ ചോദ്യം ചെയ്യുന്ന
ധൈര്യം കാണിച്ചിരുന്നു.

ശരീരഭാഷയും നിശ്ശബ്ദതയും
ശ്രീനിവാസന്റെ നടപ്പിലെ
കുനിവു പോലും
അഭിനയത്തിന്റെ ഭാഗമല്ല എന്ന് തോന്നിപ്പോയത് ഒരു പക്ഷേ സ്വന്തം ജീവിതത്തിൻ്റെ ഭാരം തന്നെ പേറിയ ചരിവ് കൊണ്ടാകാം.

മുഖത്തെ മിന്നിമറിയുന്ന ചെറിയ ഭാവമാറ്റങ്ങൾ,
കൈകളുടെ അനിശ്ചിത ചലനങ്ങൾ, പൊടുന്നനെയുള്ള ആ ഒരു മാക്രിചാട്ടം,
വാക്കുകൾക്കിടയിലെ നിശ്ശബ്ദത
ഇവയെല്ലാം ശ്രീനിവാസന് മാത്രം കഴിയുന്ന ശ്രീനിവാസനകളാണ്. 

അതിശയോക്തിയുള്ള 
ഡയലോഗുകളെക്കാൾ സിനിമയെ  പച്ചയായ ജീവിതമായി പറയാനുള്ള ഉപാധിയാക്കി അദ്ദേഹം ശക്തമായി സംസാരിച്ചു എന്ന് സമാധാനിച്ചാണ് മടങ്ങിയത്.

എഴുത്തുകാരൻ്റെ മനസ്സാക്ഷിയോടെ
തിരക്കഥാകൃത്തിൻ്റെ തിരിച്ചറിവോടെ
ശ്രീനിവാസൻ എഴുതിയത്
കഥകൾ മാത്രമല്ല
കാലഘട്ടത്തിന്റെ യഥാർത്ഥ മനോഭാവങ്ങളാണ്.

ചെറിയ മനുഷ്യൻ
വലിയ സംവിധാനങ്ങൾക്കിടയിൽ
എങ്ങനെ ഒതുങ്ങിപ്പോകുന്നു എന്നത്
അദ്ദേഹത്തിന്റെ എഴുത്തിലും അഭിനയത്തിലും
വ്യക്തമായി കാണാം.

അതൊരിക്കലും 
അലങ്കാരമുള്ള സാഹിത്യമല്ല
ജീവിതത്തിന്റെ കൽപ്പനകളുടെ സത്യസന്ധതയാണ്.

ശ്രീനിവാസൻ
ഒരു നടനല്ല,
ഒരു ഹാസ്യകാരനല്ല,
ഒരു തിരക്കഥാകൃത്തുമല്ല 
അദ്ദേഹം
ശരാശരി മലയാളിയുടെ സാമൂഹിക മനസ്സാക്ഷി തന്നെ ആയിരുന്നു.

അധികം ശബ്ദമില്ലാതെ,വലിയ താര ജാഡകളില്ലാതെ 
വലിയ അവകാശവാദങ്ങളില്ലാതെ സാധാരണക്കാരൻ്റെ
ജീവിതത്തിന്റെ നടുവിൽ നിന്ന് അവൻ്റെ
ജീവിതത്തെ തന്നെയായിരുന്നു
അദ്ദേഹം അവതരിപ്പിച്ചത്.

അതുകൊണ്ട്
കാലം മാറിയാലും
സിനിമ മാറിയാലും
തലമുറകൾ മാറിയാലും,
ക്യൂബമുകുന്ദൻ പോലുള്ള കഥാപാത്രങ്ങൾ
നമ്മെ വീണ്ടും വീണ്ടും
കണ്ണാടിക്കുമുന്നിൽ നിർത്തുന്നിടത്തോളം കാലം
ശ്രീനിവാസൻ മലയാള ജീവിതത്തിനൊപ്പം
ജീവിച്ചുകൊണ്ടേയിരിക്കും.

ശരാശരി മലയാളിയുടെ ജീവിതം
എഴുതിയും,
പറഞ്ഞും,
അഭിനയിച്ചും
ഒരു മനുഷ്യൻ
എത്ര സത്യസന്ധമായി
കലാകാരനാകാമെന്നതിന്റെ
ജീവസുറ്റ തെളിവാണ്
ശ്രീനിവാസൻ.

മലയാളിയുടെ സ്വന്തം ശരീര ഭാഷ യശ്ശശരീരമായി മലയാള മണ്ണിന്റെ ഭാഗമായി മാറുമ്പോൾ  ആദരാഞ്ജലികൾ" ആത്മാഞ്ജലികൾ"🙏

Post a Comment

Previous Post Next Post