Trending

റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ ഇന്ത്യയിലെത്തി; വിമാനത്താവളത്തിൽ സ്വീകരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വൈകീട്ട് ഏഴ് മണിയോടെ ന്യൂഡൽഹി പാലം വിമാനത്താവളത്തിൽ ഇറങ്ങിയ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് വിദേശ രാഷ്ട്ര തലവന്മാരെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിക്കാറുള്ളത്.

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പുടിൻ ന്യൂഡൽഹിയിലെത്തിയത്. നാല് വർഷത്തിനു ശേഷമാണ് പുടിൻ ഇന്ത്യയിൽ എത്തുന്നത്. പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഉഭയകക്ഷി വ്യാപാരത്തെ ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് സംരക്ഷിക്കുക, ചെറുകിട മോഡുലാർ റിയാക്ടറുകളിലെ (എസ്എംആർ) സഹകരണം എന്നിവയാണ് പുടിൻ – മോഡി കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങൾ. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി ബന്ധവും കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും  ഒപ്പുവെക്കും. 

പുടിന് പ്രധാനമന്ത്രി മോദി ഇന്ന് സ്വകാര്യ അത്താഴ വിരുന്ന് നൽകും. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദി മോസ്‌കോ സന്ദർശിച്ചപ്പോൾ പുടിൻ നൽകിയ സമാനമായ വിരുന്നിനുള്ള മറുപടിയാണിത്.

നാളെ വെള്ളിയാഴ്ച 23-ാമത് ഉച്ചകോടിക്ക് മുന്നോടിയായി പുടിന് ഔദ്യോഗിക സ്വീകരണം നൽകും. ഉച്ചകോടിക്ക് ശേഷം, റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള പ്രക്ഷേപണ സ്ഥാപനമായ ആർടി (RT)-യുടെ പുതിയ ഇന്ത്യ ചാനൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന്, രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക വിരുന്നിൽ പുടിൻ പങ്കെടുക്കും.

Post a Comment

Previous Post Next Post