Trending

കണ്ണൂരിൽ KSU പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു; കൈക്കും കഴുത്തിനും പരിക്ക്


കണ്ണൂർ : കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് വീണാ ജോർജിന് പരിക്കേറ്റത്. മന്ത്രിയുടെ കൈക്കും കഴുത്തിനുമാണ് പരിക്ക്. മന്ത്രിക്കൊപ്പം സ്പീക്കർ എ എൻ ഷംസീറും ഉണ്ടായിരുന്നു. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിനുവേണ്ടി സ്റ്റേഷനിൽ എത്തിയതായിരുന്നു മന്ത്രി. പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യമേഖലയിൽ തുടർച്ചയായി ആരോപിക്കപ്പെട്ട ചികിത്സാപിഴവുകളെ ചൊല്ലിയായിരുന്നു കെഎസ്‌യു പ്രതിഷേധം.

മന്ത്രിക്ക് ഗുരുതരമായ പരിക്കാണുണ്ടായതെന്നും അനങ്ങാൻ പോലും കഴിയുന്നില്ലെന്നും എ എൻ ഷംസീർ റിപ്പോർട്ടറിനോട് പറഞ്ഞു. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. അതിനർത്ഥം കയ്യേറ്റം നടന്നുവെന്നാണ്. ഒരു വനിതാ മന്ത്രിയെ ജനാധിപത്യ സമൂഹത്തിൽ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത് ശരിയല്ല. ഇത്തരം സമരത്തിൽനിന്ന് യുഡിഎഫ് നേതൃത്വം സമരക്കാരെ പിന്തിരിപ്പിക്കണം. മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന സമരരീതികൾ ശരിയല്ല. സമരത്തിലൂടെ കടന്നുവന്നവരാണ് തങ്ങളെല്ലാം എന്നാൽ ഇത്തരത്തിലുള്ള രീതി തങ്ങളാരും സ്വീകരിച്ചിട്ടില്ല. മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിട്ടുണ്ട്, എന്നാൽ മന്ത്രിയെ തെരുവിൽ വന്ന് കൈകാര്യം ചെയ്യുന്ന രീതി തങ്ങളാരും സ്വീകരിച്ചിട്ടില്ലെന്നും ഷംസീർ പറഞ്ഞു.

കായികമായി ആരോഗ്യമന്ത്രിയെ ആക്രമിക്കാനാണ് കെഎസ്‌യു ഗുണ്ടാസംഘം ശ്രമിച്ചതെന്ന്
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. കനഗോലുവിന്റെ ഉപദേശമനുസരിച്ച് വി ഡി സതീശന്റെ നിർദേശപ്രകാരം കേരളത്തിൽ
കെഎസ്‌യു അക്രമത്തിന് ശ്രമിക്കുകയാണ്. തീകൊള്ളി കൊണ്ട് തലചോറിയുന്ന അവസ്ഥയാണിതെന്നും വസീഫ് പറഞ്ഞു.

കെഎസ്‌യുവിനോടും യൂത്ത് കോൺഗ്രസിനോടും വളരെ വിനയത്തോടെ തങ്ങൾ അപേക്ഷിച്ചതാണ് അവരുടെ സമരങ്ങൾ അതിരുവിടുന്നുവെന്ന്. നേരത്തെ റീത്ത് വെച്ചവർ ഇപ്പോൾ ബോധപൂർവ്വം ആരോഗ്യമന്ത്രിയെ ഇല്ലാതാക്കാൻ ശ്രമം നടത്തുകയാണ്. ഇത് കയ്യും കെട്ടി നോക്കി നിൽക്കില്ല. സംസ്ഥാനവ്യാപക പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളിലേക്കും കടക്കുമെന്നും വസീഫ് പറഞ്ഞു.

Post a Comment

Previous Post Next Post