വടകര | ആയഞ്ചേരി: നാടും നഗരവും വിഷു ആഘോഷങ്ങളിൽ മുഴുകിയിരിക്കെ, ആയഞ്ചേരിയിൽ പതിനാറുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കാക്കുനി തുലറ്റുന്നട സ്വദേശി പാറക്ക് താഴെ ബാബുവിന്റെ മകൻ ഹേമന്ത് (16) ആണ് ദാരുണമായി മരണപ്പെട്ടത്.
ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് ശേഷം സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഹേമന്ത്. നീന്തൽ വശമില്ലാതിരുന്ന കുട്ടി, വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന 'തൊണ്ടര' ഉപയോഗിച്ചാണ് കുളത്തിലിറങ്ങിയത്. എന്നാൽ കുളിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കൈവശമിരുന്ന തൊണ്ടര വഴുതിമാറുകയും ഹേമന്ത് ആഴങ്ങളിലേക്ക് താഴ്ന്നുപോവുകയുമായിരുന്നു.
കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ബഹളം വെച്ച് നാട്ടുകാരെ കൂട്ടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഹേമന്തിനെ കണ്ടെത്താനായില്ല. തുടർന്ന് വിവരമറിഞ്ഞെത്തിയ വടകര ഫയർഫോഴ്സ് സംഘമാണ് ഹേമന്തിനെ വെള്ളത്തിനടിയിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രേമയാണ് മാതാവ്. സഹോദരി: ശ്രീദിയ. സംസ്കാരം ഇന്ന് രാത്രി ഏഴ് മണിക്ക് സ്വവസതിയിൽ നടക്കും. വിഷുദിനത്തിൽ അപ്രതീക്ഷിതമായെത്തിയ ഈ വിയോഗം കാക്കുനി ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Tags:
വടകര