✍️ ചീഫ് എഡിറ്റർ : ബഷീർ വടകര
കേരളത്തിന്റെ മണ്ണിൽ ഓരോ വർഷവും വിഷു വരുന്നത് ഒരു ആഘോഷം മാത്രമായല്ല അത് പ്രകൃതിയുടെ അതിജീവന പുതുജീവനത്തിന്റെ ശബ്ദമായാണ്.
കർക്കിടകത്തിന്റെ കനത്ത മഴകളും കഷ്ടപ്പാടുകളും പിന്നിട്ട്, പുത്തൻ വിളവിന്റെ പ്രതീക്ഷയോടെ നിലങ്ങൾ പച്ചപ്പിന്റെ പുതു വസ്ത്രം അണിയുന്ന വസന്തകാല കാഴ്ചയാണ് വിഷു.
കണി കണ്ടുണരുന്ന കണ്ണുകളിൽ പ്രതീക്ഷയുടെ വെളിച്ചം നിറയുന്നു; കൈ നീട്ടം സ്വീകരിക്കുന്ന മനസ്സുകളിലും പ്രതീക്ഷയോടെ വിത്തുകൾ വിതറപ്പെടുന്നു.
കൃഷിയാണ് കേരളത്തിന്റെ ആത്മാവ് - മണ്ണിന്റെ നന്മയും കർഷകന്റെ വിയർപ്പും നമ്മുടെ ഭക്ഷണത്തിന്റെ അടിസ്ഥാനം എന്നതാണ് വിഷു നമ്മെ ഓർമ്മിപ്പിക്കുന്നത്.
ഓരോ വിത്തിലും ഒരായിരം ഭാവിവിളവുകൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്, ഓരോ കൃഷിയിലും ഒരു വലിയ ജീവിതമുണ്ട്. പാടങ്ങൾ പച്ചപുതച്ച് നില്ക്കുമ്പോൾ മനുഷ്യന്റെ പരിശ്രമവും പ്രകൃതിയുടെ കരുണയും ഒന്നായി ചേരുന്ന ദൃശ്യം നമ്മെ വിസ്മയിപ്പിക്കുന്നു.
മണ്ണിൽ ജനിച്ച് മണ്ണിൽ കളിച്ചു മണ്ണിൽ വിതച്ച് മണ്ണിൽ കൊയ്ത് മണ്ണിന്റെ ഭാഗമാകുന്ന കർഷകൻ്റെ ഹർഷോന്മാദത്തിന്റെ ആഘോഷമാണ് വിഷു-
കാലം മാറിയാലും സാങ്കേതികത വളർന്നാലും മനുഷ്യന്റെ മനസ്സിൽ നന്മയുടെ വിത്ത് നിലനിൽക്കണം എന്ന സന്ദേശം വിഷു നൽകുന്നു.
പ്രകൃതിയോട് സൗഹൃദത്തോടെ സഹവസിക്കണം, മണ്ണിനെ ആദരിക്കാനും, സഹജീവികളോട് കരുണ പുലർത്താനും നമ്മെ ഈ ദിനം ഓർമ്മിപ്പിക്കുന്നു.
മാനവികതയുടെ മഹത്തായ സന്ദേശം എന്ന പോലെ വിഷു നമ്മോട് പറയുന്നത് സമ്പത്ത് നേടുന്നത് മാത്രമല്ല പങ്കുവെക്കലും നന്മയാണ് എന്നതും കൂടിയാണ് '
കൈനീട്ടം നൽകുന്ന കൈകൾക്കിടയിൽ നിന്ന് മനുഷ്യസ്നേഹത്തിന്റെ ഒരു ലോകം പിറക്കുന്നു. ഈ ചെറിയ പ്രവർത്തിയിൽ പോലും സമൂഹത്തിന്റെ വലിയ ഐക്യം തെളിയുന്നു.
കേരളത്തിന്റെ പച്ചപ്പും, കായലുകളും, കുന്നുകളും, കൃഷിയിടങ്ങളും എല്ലാം ചേർന്ന് വിഷുവിനെ ഒരു ജീവിക്കുന്ന അനുഭവമാക്കുന്നു.
പ്രകൃതിയുടെ ഹൃദയത്തിൽ നിന്ന് ഉയരുന്ന ഈ ഉത്സവം നമ്മെ വീണ്ടും വീണ്ടും മണ്ണിൻ്റെ മണമുള്ള മനുഷ്യരാക്കുന്നു പ്രതീക്ഷയുള്ളവരാക്കുന്നു, കരുണയുള്ളവരാക്കുന്നു, ഋതുഭേദങ്ങളുടെ നിയമമറിയുന്ന പ്രകൃതിയോട് ചേർന്ന് നിൽക്കുന്നവരാക്കുന്നു.
വിഷു — ഒരു ഉത്സവം മാത്രമല്ല അത് ജീവിതത്തിന്റെ പ്രതീക്ഷയുടെ പുനർവായനയാണ്.
ഏവർക്കും വി ഫോർ ന്യൂസ് മീഡിയയുടെ വിഷു ആശംസകൾ
Tags:
കോഴിക്കോട്