✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ: ബഷീർ വടകര
ഇന്ന് ജൂൺ 19 വായനാദിനമാണ്.
ഒരു പുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ നമ്മൾ വാക്കുകൾ മാത്രം വായിക്കുകയല്ല- ജീവിതത്തെ വീണ്ടും വായിക്കുകയാണ്.
കാലവും അനുഭവങ്ങളും മുറിവേൽപ്പിച്ച മനസ്സിനെ വീണ്ടും പുഷ്പിപ്പിക്കുന്ന ഒരു അത്ഭുത ശക്തിയാണ് വായന. ക്ഷീണിച്ചു നിൽക്കുന്ന മനുഷ്യന് വീണ്ടും പ്രതീക്ഷ നൽകാനും, ഇരുട്ടിന്റെ നടുവിൽ ഒരു വെളിച്ചം കാട്ടാനും, തോൽവികളുടെ നടുവിൽ നിന്ന് വീണ്ടും എഴുന്നേൽക്കാൻ ധൈര്യം നൽകാനും വായനയ്ക്ക് കഴിയും.
ഇന്ന് നമ്മൾ ജീവിക്കുന്നത് കാഴ്ചകളുടെ ലോകത്താണ്- കണ്ണുകൾ നിരന്തരം എന്തെങ്കിലും കാണുന്നു- മൊബൈൽ ഫോണുകളുടെയും സാമൂഹിക മാധ്യമങ്ങളുടെയും അനന്തമായ ദൃശ്യപ്രവാഹങ്ങളിലൂടെ നാം ദിനങ്ങൾ ചെലവഴിക്കുന്നു- എന്നാൽ ഒരു വലിയ ചോദ്യം ബാക്കിയാകുന്നു: ഈ കാഴ്ചകളിൽ എത്രയാണ് നമ്മുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്?
കണ്ണുകൾ കാണുന്ന പലതും മനസ്സിനെ സ്പർശിക്കാതെ കടന്നുപോകുന്നു.
കാഴ്ചകൾ പലപ്പോഴും നമ്മെ നിമിഷനേരം അത്ഭുതപ്പെടുത്തും; എന്നാൽ വായന നമ്മെ മാറ്റിമറിക്കും, ഒരു നല്ല പുസ്തകം വായിച്ചുകഴിഞ്ഞാൽ നമ്മൾ പഴയ മനുഷ്യരായി തുടരാറില്ല.-നമ്മുടെ ചിന്തകൾ വികസിക്കും,നമ്മുടെ കാഴ്ചപ്പാടുകൾ വിശാലമാകും, മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കാനുള്ള കഴിവ് വർധിക്കും.
മനുഷ്യത്വബോധം വളരുന്നത് വായനയിലൂടെയാണ്. കാരണം വായന നമ്മെ മറ്റൊരാളുടെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.-നാം കാണാത്ത ലോകങ്ങൾ കാണിക്കുന്നു.
അനുഭവിക്കാത്ത വേദനകൾ അനുഭവിപ്പിക്കുന്നു- അറിയാത്ത സന്തോഷങ്ങൾ പങ്കുവെക്കുന്നു- അങ്ങനെ മനുഷ്യനെ കൂടുതൽ മനുഷ്യനാക്കുന്ന ഒരു മഹത്തായ പ്രക്രിയയായി വായന മാറുന്നു.
അതുപോലെ തന്നെ ദൈവികബോധത്തിലേക്കുള്ള വഴികളിലൊന്നും വായനയാണ് അതുകൊണ്ടാണ് ഇറാ ഗുഹയുടെ ഇരുട്ടിൻറെ ഗൗരവത്തിൽ മാലാഖ പ്രത്യക്ഷപ്പെട്ട് "വായിക്കുക" കലമ് (പേന ) കൊണ്ട് എഴുതാൻ പഠിപ്പിച്ച ദൈവത്തിൻ്റെ നാമധേയത്തിൽ വായിക്കുക എന്ന് അരുൾ ചെയ്തത്- പുസ്തകങ്ങൾ അറിവ് നൽകുക മാത്രമല്ല; വിസ്മയം നൽകുകയും ചെയ്യുന്നു ഈ പ്രപഞ്ചത്തിന്റെ മഹത്വത്തെക്കുറിച്ചും ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും സൃഷ്ടിയുടെ അത്ഭുതങ്ങളെക്കുറിച്ചുമെല്ലാം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ചിന്തിക്കുന്ന മനുഷ്യൻ മാത്രമാണ് ആത്മീയതയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്നത്.
അതുകൊണ്ടുതന്നെ പുസ്തകങ്ങളിലേക്ക് തിരിച്ചു പോകുക എന്നത് വെറും വായനാശീലത്തിലേക്ക് മടങ്ങുക എന്നല്ല- അത് മനുഷ്യന്റെ അത്യുന്നതമായ നന്മയിലേക്ക് തിരിച്ചു പോകുക എന്നതാണ്. കൂടുതൽ കരുണയുള്ളവനാകാനും, കൂടുതൽ വിവേകമുള്ളവനാകാനും, കൂടുതൽ സ്നേഹമുള്ളവനാകാനും ഉള്ള ഒരു യാത്രയാണ് അത്.
ഒരു പുസ്തകം പലപ്പോഴും ഒരു പൂന്തോട്ടം പോലെയാണ്; അതിലേക്ക് കടന്നുചെല്ലുന്ന ഓരോരുത്തർക്കും വ്യത്യസ്തമായ സുഗന്ധങ്ങളും നിറങ്ങളും അനുഭവങ്ങളും ലഭിക്കുന്ന പോലെ ചില പുസ്തകങ്ങൾ നമ്മെ ചിരിപ്പിക്കും. ചിലത് കരയിപ്പിക്കും. ചിലത് ചിന്തിപ്പിക്കും. ചിലത് ജീവിതത്തെ തന്നെ മാറ്റിമറിക്കും. എന്നാൽ എല്ലാ നല്ല പുസ്തകങ്ങളും ഒരേ കാര്യം ചെയ്യുന്നു—അവ മനുഷ്യനെ വളർത്തുന്നു.
ഈ വായനാദിനം ഒരു ആഘോഷം മാത്രമാകാതെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാകണം.
അതെ വായന നമ്മുടെ ഉള്ളിലെ മനുഷ്യനെ സംരക്ഷിക്കാനുള്ള ഓർമ്മപ്പെടുത്തുമ്പോൾ തന്നെ ചിന്തിക്കാനും മനസ്സിലാക്കാനും സ്നേഹിക്കാനും പഠിക്കാനുള്ള സന്ദേശം കൂടിയായിത്തീരുന്നുണ്ട് ഈ ദിവസം.
നമുക്ക് പുസ്തകങ്ങളിലേക്ക് മടങ്ങാം....
കാരണം വായന അറിവിലേക്കുള്ള യാത്ര മാത്രമല്ല; അത് മനുഷ്യനിൽ നിന്ന് കൂടുതൽ നല്ല മനുഷ്യനിലേക്കുള്ള യാത്രയാണ്.
വായിക്കാം...
വളരാം...
വീണ്ടും പൂക്കാം...
ബഷീർ വടകര
Tags:
വടകര