Trending

സലീം കുമാർ: ചിരിയുടെ പാത്രത്തിൽ കണ്ണീരലിയിച്ച മനുഷ്യൻ "

✍️ ചീഫ് എഡിറ്റർ : ബഷീർ വടകര 
സലീം കുമാർ എന്ന ആ ചിരി ഇന്ന് ഒരസ്തമായ ചുമപ്പ് പോലെ മാഞ്ഞു പോയിരിക്കുന്നു... 

ഹാസ്യാഭിനയം കൊണ്ട് നമ്മളെ പൊട്ടിച്ചിരിപ്പിച്ച ഒരു നടൻ മാത്രമായിരുന്നില്ല അദ്ദേഹം; അഭിനയത്തിനപ്പുറം സ്വന്തമായ നിലപാടുകളും മൂല്യങ്ങളും കാത്തുസൂക്ഷിച്ച ഒരു മനുഷ്യനായിരുന്നു സലീം കുമാർ എന്ന കലാകാരൻ.

 കാലത്തിന്റെയോ സാഹചര്യങ്ങളുടെയോ കാറ്റിൽ കടലാസ് പോലെ പാറിപ്പോകുന്നവനല്ല കലാകാരൻ- മറിച്ച് സമൂഹത്തോടും രാഷ്ട്രീയത്തോടും മനുഷ്യജീവിതത്തോടും വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരാളവണം എന്ന് ബോധ്യമുണ്ടായിരുന്ന കലാകാരനായിരുന്നു സലിം കുമാർ "

ഞാൻ അദ്ദേഹത്തെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് ഒരു സിനിമയിലെ കഥാപാത്രത്തിലൂടെയാണ്;
ഹജ്ജിന് പോകാനുള്ള അതിയായ ആഗ്രഹവുമായി ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ആത്മസമർപ്പണവും ത്യാഗവും സ്വപ്നവും അദ്ദേഹം അത്രയും ഹൃദയസ്പർശിയായി അവതരിപ്പിച്ചു. ആ കഥാപാത്രത്തിന്റെ വേദനയും പ്രാർത്ഥനയും പ്രതീക്ഷയും അഭിനയത്തിന്റെ പരിധികൾ കടന്ന് അദ്ദേഹത്തിന്റെ സ്വന്തം ഹൃദയത്തിലേക്കും ആവാഹിച്ചതുപോലെ തോന്നി. 

സിനിമ അവസാനിച്ചപ്പോൾ കഥകഥാപാത്രം അദ്ദേഹത്തിൻ്റെ മനസ്സിൽ അവസാനിച്ചില്ല;

ഹജ്ജിനു പോകാനുള്ള കഥാപാത്രത്തിൻറെ ആത്മീയമായ തേട്ടം അദ്ദേഹത്തിനുള്ളിൽ ആത്മബോധമായി കെട്ടുപോകാതെ ജ്വലിച്ച് നിന്നപ്പോൾ ഹജ്ജിനു പോകാനാഗ്രഹിക്കുന്ന ഒരു പാവപ്പെട്ട മുസ്ലിം സഹോദരനെ തേടിപ്പിടിച്ച് ഹജ്ജ് യാത്രയ്ക്ക് വേണ്ട മുഴുവൻ ചെലവും വഹിച്ച മാനവികതയും കലയോടുള്ള സമർപ്പണവും എന്നെ അത്ഭുതപ്പെടുത്തി- 

അന്നു മുതലാണ് സലീം കുമാർ എന്ന കലാകാരനെ ഞാൻ വ്യത്യസ്തനായി കാണാൻ ശ്രമിച്ചത്.
ഒരു കലാകാരന്റെ ഏറ്റവും വലിയ മഹത്വം അവന്റെ കലാപ്രതിഭ മാത്രമല്ല; യഥാർത്ഥ കലാകാരൻ കാലത്തോടും സമൂഹത്തോടും കള്ളസാക്ഷി പറയാതെ മനുഷ്യന്റെ കണ്ണീരിനും സന്തോഷത്തിനും ഒപ്പം ചേർന്നു നിൽക്കുന്നവനാണ്- 

സമൂഹം നേരിടുന്ന അനീതിക്കുമെതിരെ സ്വന്തം ശബ്ദം ഉയർത്താൻ മടിക്കാത്തവനാണ്.

അതെ...സലീം കുമാറിനെ നമ്മൾ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ അഭിനയമികവുകൊണ്ടു മാത്രമല്ല. അദ്ദേഹം ചിരിക്കുമ്പോൾ ആ ചിരിയിൽ അഭിനയത്തിൻറെ കാപട്യല്ലാത്ത ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു. 

 അഭിനയത്തിന്റെ മുഖംമൂടിക്കപ്പുറമുള്ള മനുഷ്യന്റെ സൗന്ദര്യമായിരുന്നു സലിംകുമാർ എന്ന നടൻ- 

അതെ പ്രിയ സലിം കുമാർ താങ്കൾ എന്ന ആ ചിരി മാഞ്ഞു പോയാലും നമ്മുടെയൊക്കെ ഹൃദയങ്ങളിൽ വർഷങ്ങളോളം ഉണ്ടാകും ...

 കാപട്യമില്ലാത്ത ചിരിയിലൂടെ മനുഷ്യസ്നേഹത്തിന്റെ ചെറിയ വലിയ പാഠങ്ങൾ പഠിപ്പിപ്പിച്ച 
 പ്രിയ കലാകാരന് ഹൃദയപൂർവ്വം വിട.... ആദരാഞ്ജലികൾ 🙏🌹🌹

Post a Comment

Previous Post Next Post