Trending

ഇന്ന് അധ്യാപക ദിനം: അറിവിന്റെയും കരുതലിന്റെയും പൂന്തോപ്പിലേക്കുള്ള എത്തിനോട്ടം

✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ : ബഷീർ വടകര
അധ്യാപക ദിനം ഒരു ഔപചാരിക അനുസ്മരണ ദിനം മാത്രമല്ല; നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തിയ ഗുരുക്കന്മാരെയും അവർ പകർന്ന അറിവിനെയും, മനുഷ്യനായി വളരാൻ അവർ നൽകിയ മൂല്യങ്ങളെയും നന്ദിയോടെ ഓർത്തെടുക്കുന്ന ദിനം കൂടിയാണിത്.

അധ്യാപകരുടെ ഓരോ വാക്കും, നോട്ടവും, സ്നേഹഭാവവും വിദ്യാർത്ഥിയുടെ മനസ്സിൽ നിത്യവസന്തം വിതയ്ക്കുന്ന ഒരു പ്രകാശമായാണ് പതിഞ്ഞിട്ടുണ്ടാവുക. ചില വാക്കുകൾ ക്ലാസ് മുറിയുടെ ചുവരുകൾക്കുള്ളിൽ അവസാനിക്കില്ല. അവ ജീവിതത്തിലുടനീളം നമ്മെ പിന്തുടരും. ചില ഉപദേശങ്ങൾ അന്ന് നമുക്ക് പൂർണമായി മനസ്സിലായില്ലെങ്കിലും, വർഷങ്ങൾക്കുശേഷം ജീവിതത്തിലെ ഏതെങ്കിലും വഴിത്തിരിവിൽ അവയുടെ അർത്ഥം തിരിച്ചറിയുമ്പോഴാണ് ഒരു നല്ല അധ്യാപകന്റെ മഹത്വം നാം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നത്.

അറിവ് പകർന്നുനൽകുക മാത്രമല്ല ഒരു അധ്യാപകന്റെ ദൗത്യം. അറിവിനൊപ്പം വിവേകവും, സ്വഭാവത്തോടൊപ്പം സംസ്കാരവും, വിജയത്തോടൊപ്പം ഉത്തരവാദിത്വബോധവും വളർത്തുകയാണ് യഥാർത്ഥ അധ്യാപനം. പുസ്തകത്തിലെ അക്ഷരങ്ങൾ വായിക്കാൻ പഠിപ്പിക്കുന്നതിനേക്കാൾ വലിയ ഉത്തരവാദിത്വമാണ് ജീവിതത്തെ വായിക്കാൻ വിദ്യാർത്ഥിയെ പ്രാപ്തനാക്കുക എന്നത്.

ഒരു നല്ല അധ്യാപകൻ വിദ്യാർത്ഥിയുടെ കഴിവുകൾ തിരിച്ചറിയുന്നു. പരാജയപ്പെടുമ്പോൾ കൈപിടിച്ചുയർത്തുന്നു. തെറ്റുമ്പോൾ തിരുത്തുന്നു. വിജയിക്കുമ്പോൾ അഹങ്കരിക്കാതിരിക്കാൻ പഠിപ്പിക്കുന്നു. ഏറ്റവും പ്രധാനമായി, സ്വന്തം കാലിൽ നിൽക്കാനും സ്വന്തം തീരുമാനങ്ങൾ എടുക്കാനും സമൂഹത്തോടും മനുഷ്യരോടും ഉത്തരവാദിത്വമുള്ള വ്യക്തിയായി വളരാനും പ്രചോദനം നൽകുന്നു.

അധ്യാപകന്റെ സമർപ്പണം, അറിവ്, കരുണ—ജീവിതത്തെ നയിക്കുന്ന മൂല്യങ്ങൾ എത്ര മഹത്തായിരുന്നുവെന്നതാണ് ഈ ദിവസം നാം സ്മരിച്ചെടുക്കുന്നത്.

നാം കേട്ടറിഞ്ഞ മികവുറ്റ അധ്യാപകരായ ഡോ. എസ്. രാധാകൃഷ്ണൻ, സുകുമാർ അഴീക്കോട്, എം. എം. വിജയൻ മാസ്റ്റർ, സുഗതകുമാരി ടീച്ചർ, ഈയടുത്ത് അന്തരിച്ച സാനു മാസ്റ്റർ എന്നിവരെല്ലാം ശിഷ്യരുടെ ഹൃദയങ്ങളിലേക്ക് വെളിച്ചം വിതച്ച മാതൃകാ സ്തംഭങ്ങളായിരുന്നു. അവരുടെ അധ്യാപനം ഒരു തൊഴിൽ എന്നതിലുപരി ഒരു ദൗത്യമായിരുന്നു. അറിവിനെ സമൂഹത്തിന്റെ ഉന്നമനത്തിനുള്ള ഉപാധിയായി കണ്ടവരായിരുന്നു അവർ.

ഇവരുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നത് അധ്യാപകന്റെ യഥാർത്ഥ സ്വാധീനം പരീക്ഷാഫലങ്ങളിലോ സർട്ടിഫിക്കറ്റുകളിലോ മാത്രം അളക്കാനാവില്ല എന്നതാണ്. അവർ വളർത്തിയെടുത്ത മനുഷ്യരിലാണ് ഒരു അധ്യാപകന്റെ ഏറ്റവും വലിയ വിജയം പ്രതിഫലിക്കുന്നത്.

എന്നാൽ കാലം മാറിയിരിക്കുന്നു. ഗുരുനാഥന്മാരിൽ നിന്ന് അധ്യാപകരിലേക്കും, അധ്യാപകരിൽ നിന്ന് കേവലം ഇൻസ്ട്രക്ടർമാരിലേക്കും സഞ്ചരിച്ച ദൂരമാണ് നാം ഇന്ന് താണ്ടിനിൽക്കുന്നത്. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന കാലമാണിത്. ലോകത്തെ ഏത് വിഷയത്തെക്കുറിച്ചും നിമിഷങ്ങൾക്കുള്ളിൽ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന കാലം. കൃത്രിമബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യകളും വിദ്യാഭ്യാസത്തിന്റെ രീതികളെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു.

എന്നാൽ വിവരങ്ങൾ നൽകാൻ യന്ത്രങ്ങൾക്ക് കഴിയുമ്പോഴും, ഒരു മനുഷ്യനെ മനസ്സിലാക്കാനും അവന്റെ കഴിവുകൾ തിരിച്ചറിയാനും അവന്റെ പരാജയങ്ങളിൽ കൂടെ നിൽക്കാനും അവന്റെ ഉള്ളിലെ നന്മയെ ഉണർത്താനും ഒരു യഥാർത്ഥ അധ്യാപകന്റെ സാന്നിധ്യത്തിന് പകരം മറ്റൊന്നില്ല.

ഇന്നത്തെ അധ്യാപകൻ അതുകൊണ്ടുതന്നെ ഒരു ഇൻസ്ട്രക്ടർ മാത്രമായി മാറരുത്. വിദ്യാർത്ഥിക്ക് വിവരങ്ങൾ നൽകുന്ന വ്യക്തി എന്നതിൽ നിന്ന് ചിന്തിക്കാൻ പഠിപ്പിക്കുന്ന മാർഗദർശിയായി അധ്യാപകൻ ഉയരണം. എന്ത് പഠിക്കണം എന്നതിനേക്കാൾ എന്തിനാണ് പഠിക്കുന്നത് എന്നും, എന്ത് നേടണം എന്നതിനേക്കാൾ നേടിയ അറിവ് സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്തണം എന്നും പഠിപ്പിക്കേണ്ട കാലമാണിത്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജോലി നേടുന്ന മനുഷ്യരെ മാത്രം സൃഷ്ടിക്കുക എന്നതല്ല. നല്ല മനുഷ്യരെയും ഉത്തരവാദിത്വമുള്ള പൗരന്മാരെയും വിവേകമുള്ള തലമുറയെയും സൃഷ്ടിക്കുക എന്നതാണ് അതിന്റെ ആത്യന്തിക ലക്ഷ്യം.

ഒരു അധ്യാപകൻ ക്ലാസ് മുറിയിൽ വിതയ്ക്കുന്ന ഒരു ചെറിയ ആശയം പോലും ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ വലിയൊരു വൃക്ഷമായി വളർന്നേക്കാം. ഒരു പ്രോത്സാഹന വാക്ക് ഒരു കുട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാം. ഒരു സ്നേഹപൂർവമായ സമീപനം അവന്റെ ജീവിതത്തിലെ ഇരുട്ട് മാറ്റാം. അതുകൊണ്ടുതന്നെ അധ്യാപകന്റെ ഓരോ വാക്കിനും ഓരോ ഇടപെടലിനും വലിയ ഉത്തരവാദിത്വമുണ്ട്.

ഇന്ന് അധ്യാപക ദിനത്തിൽ നാം നമ്മുടെ ഗുരുക്കന്മാരെ ഓർക്കുമ്പോൾ, നമ്മെ പഠിപ്പിച്ച ഓരോ അധ്യാപകന്റെയും മുഖം മനസ്സിൽ തെളിയട്ടെ. ഒരു അക്ഷരം പഠിപ്പിച്ച അധ്യാപകനെയും, ജീവിതത്തിന്റെ അർത്ഥം പഠിപ്പിച്ച ഗുരുവിനെയും, ഒരു പ്രതിസന്ധിയിൽ കൈപിടിച്ചുയർത്തിയ അധ്യാപകനെയും നന്ദിയോടെ സ്മരിക്കാം.

അധ്യാപകർ അറിവിന്റെ കാവൽക്കാരാണ്. അതിനേക്കാൾ വലിയ നിലയിൽ അവർ തലമുറകളുടെ സ്വഭാവശില്പികളാണ്. ഒരു സമൂഹത്തിന്റെ ഭാവി അതിന്റെ വിദ്യാലയങ്ങളിലും, ആ വിദ്യാലയങ്ങളിലെ അധ്യാപകരുടെ കൈകളിലുമാണ് രൂപപ്പെടുന്നത്.

അതുകൊണ്ട് അധ്യാപകനെ ആദരിക്കുന്നത് ഒരു വ്യക്തിയെ ആദരിക്കുന്നതല്ല; അറിവിനെയും മൂല്യങ്ങളെയും മനുഷ്യനന്മയെയും ആദരിക്കുകയാണ്.

അറിവിന്റെ വെളിച്ചം പകർന്നുനൽകിയ, ജീവിതത്തിന്റെ വഴികളിൽ കൈപിടിച്ചുനടത്തിയ, തലമുറകളെ സ്വപ്നം കാണാൻ പഠിപ്പിച്ച എല്ലാ ഗുരുനാഥന്മാർക്കും അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ.

Post a Comment

Previous Post Next Post