Trending

ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരി ചാന്ദ്‌നി കൊല്ലപ്പെട്ട നിലയില്‍

കൊച്ചി | ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരി ചാന്ദ്‌നി കൊല്ലപ്പെട്ട നിലയില്‍. കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റിനു സമീപം കണ്ടെത്തി. ഇന്നലെ രാത്രി മുതല്‍ കേരളമാകെ കുഞ്ഞിനായി കാത്തിരുന്നെങ്കിലും ഉച്ചക്ക് 12 ഓടെ കാത്തിരിപ്പു വിഫലമായി.

ആരാണ് ഈ കുറ്റകൃത്യം ചെയ്തത് എന്നു വ്യക്തമായിട്ടില്ല. കുഞ്ഞിന്റെ ശരീരം ഒടിച്ചു ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. കൈകളാണു ചാക്കില്‍ നിന്നു പുറത്തുകണ്ടത്. പോലീസ് കുട്ടിക്കായ് പരക്കെ അന്വേഷിക്കുന്നതിനിടയിലാണു കൊലപാതകം നടന്നത്.

ആലുവ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മകളായ ചാന്ദ്‌നിയെ ഇന്നലെ വൈകിട്ട് മുതലാണു കാണാതായത്. തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

സമീപത്തെ വാടക വീട്ടില്‍ താമസിച്ചിരുന്ന അസം സ്വദേശിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് കുട്ടിയുമായി പ്രതി എത്തിയെന്ന് പോലീസിന് വിവരം ലഭിച്ചു. ബസില്‍ കയറിയെങ്കിലും ആലുവയില്‍ തന്നെ പ്രതി കുട്ടിയുമായി ഇറങ്ങിയെന്നാണ് കെ എസ് ആര്‍ ടി സി ബസ് ജീവനക്കാര്‍ മൊഴി നല്‍കിയത്.

കുട്ടിയെ കാണാതായെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. രക്ഷിതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ഇന്നലെ മുതല്‍ താമസത്തിന് വന്ന അസം സ്വദേശിയാണു കുട്ടിയെ കൊണ്ടുപോകുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. 

Post a Comment

Previous Post Next Post