ഇടുക്കി | കേരളത്തെ നടുക്കിയ തേക്കടി ബോട്ട് ദുരന്തത്തിന് 14 വയസ്സ്. 2009 സെപ്തംബര്‍ 30 വൈകുന്നേരമായിരുന്നു ആ ദുരന്ത വാര്‍ത്തയെത്തിയത്. 45 പേരുടെ ജീവനാണ് തേക്കടിയില്‍ ജലകന്യക ബോട്ടിനൊപ്പം ആഴങ്ങളില്‍ പൊലിഞ്ഞത്. മരിച്ചവരില്‍ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വന്ന സഞ്ചാരികളായിരുന്നു. 11 സ്ത്രീകളും 13 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറവും കേസിന്റെ വിചാരണ എങ്ങുമെത്തിയിട്ടില്ല.
കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ജലകന്യക എന്ന രണ്ടുനില ഫൈബര്‍ ബോട്ട് ആണ് അപകടത്തില്‍ പെട്ടത്. പുതുതായി നീറ്റിലിറക്കിയ ബോട്ടില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 76 യാത്രക്കാരാണുണ്ടായിരുന്നത്. പുറപ്പെട്ട് 12 കിലോമീറ്റര്‍ പിന്നിട്ട ബോട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 500 മീറ്റര്‍ ഇപ്പുറം മണക്കവല എന്ന ആഴമേറിയ ഭാഗത്തു മുങ്ങുകയായിരുന്നു.
കരയില്‍ പ്രത്യക്ഷപ്പെട്ട കാട്ടാനക്കൂട്ടത്തെ കാണുന്നതിനായി ബോട്ടിലുണ്ടായിരുന്നവരൊക്കെ ഒരു വശത്തേക്കു നീങ്ങിയതാണു ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായത്. അപകടം നടന്ന് അല്‍പസമയത്തിനുശേഷം വനംവകുപ്പിന്റെ ഒരു ബോട്ട് ഇതുവഴി വന്നതിനാലാണ് അപകടം പുറംലോകം അറിഞ്ഞത്. പിന്നാലെയെത്തിയ രണ്ട് യാത്രാബോട്ടുകള്‍ കൂടി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. അപകടം നടന്ന് അല്‍പ്പ സമയത്തിനകം ഇരുട്ട് പരന്നതും മുങ്ങല്‍ വിദഗ്ധരുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. 55 അടിയോളം താഴ്ചയിലേക്കു തലകീഴായി മറിഞ്ഞ ബോട്ടിനുള്ളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്തുക അസാധ്യമായിരുന്നു.
ക്രൈംബ്രാഞ്ചിന്റെ കോട്ടയം ഓഫീസിനായിരുന്നു ആദ്യം അന്വേഷണ ചുമതല. പിന്നീട് ജസ്റ്റിസ് ഇ മൊയ്തീന്‍കുഞ്ഞ് കമ്മീഷന്‍ തുടരന്വേഷണം ഏറ്റെടുത്തു. അപകടമുണ്ടാക്കിയ ബോട്ടിന്റെ ചരിവും നിര്‍മ്മാണത്തിലെ പിഴവും സംബന്ധിച്ച് കൊച്ചി സര്‍വകലാശാലയിലെ ഷിപ്പിംഗ് ടെക്‌നോളജി വിഭാഗം മുന്‍ തലവനും ഷിപ്പിംഗ് സാങ്കേതിക വിദഗ്ധനുമായ ഡോ. എസ് കെ പ്യാരിലാല്‍ ക്രൈംബ്രാഞ്ചിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഉള്‍കൊള്ളാവുന്നതിലധികം സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകള്‍ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിര്‍മാണവും തുടങ്ങി നിരവധി നിയമ ലംഘനങ്ങള്‍ വ്യക്തമായി. ബോട്ടിന്റെ ടെണ്ടര്‍ വിളിച്ചത് മുതല്‍ നീറ്റിലിറക്കിയത് വരെയുള്ള 22 വീഴ്ചകള്‍ അടങ്ങിയ റിപ്പോര്‍ട്ട് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.
അപകടം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഡ്രൈവര്‍, ബോട്ടിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവരായിരുന്നു കുറ്റക്കാര്‍. പിന്നീട് നല്‍കിയ രണ്ടാം കുറ്റപത്രത്തില്‍ ബോട്ട് നിര്‍മിച്ച കെ ടി ഡി സി ഉള്‍പ്പടെയുള്ളവരെയും ഉള്‍പ്പെടുത്തി. നിലവാരം കൃത്യമായി പരിശോധിക്കാതെയാണ് നീറ്റിലിറക്കിയതെന്നും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു.
ഇത്രയും ജീവനെടുത്ത ദുരന്തത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ നീണ്ട വര്‍ഷങ്ങള്‍കൊണ്ടു കഴിഞ്ഞില്ല. നിയമങ്ങള്‍ പാലിച്ചാല്‍ മാത്രം ഒഴിവാക്കാമായിരുന്ന ഇത്തരം ദുരന്തങ്ങള്‍ക്കു കേരളം പിന്നെയും സാക്ഷികളായെങ്കിലും തേക്കടിയിലെ കുറ്റവാളികളെ പോലും നിയമത്തിനുമന്നില്‍ എത്തിക്കാനായില്ല.
Tags:
ഇടുക്കി