ലഖ്‌നൊ | ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ യുവാക്കള്‍ഷാള്‍ വലിച്ച് വീഴ്ത്തി. ബാലന്‍സ് നഷ്ടപ്പെട്ട് നിലത്തുവീണ പതിനേഴുകാരി ബൈക്കിടിച്ചു മരിച്ചു. ഒളിവിലായിരുന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലയിലെ ഹന്‍സ്വാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിരാപൂര്‍ മാര്‍ക്കറ്റിന് സമീപമാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പെണ്‍കുട്ടി ഒരു സുഹൃത്തിനൊപ്പം സൈക്കിളില്‍ വരികയായിരുന്നു. ബൈക്കിലെത്തിയ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ കഴുത്തിലെ ഷാള്‍ പിടിച്ചു വലിച്ചു. ബാലന്‍സ് തെറ്റി നിലത്തുവീണ പെണ്‍കുട്ടിയുടെ പുറത്തുകൂടി പിന്നില്‍ നിന്നു വന്ന ബൈക്ക് കയറിയിറങ്ങി.
തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും താടിയെല്ല് ഒടിയുകയും ചെയ്ത വിദ്യാര്‍ഥിനി സംഭവസ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അംബേദ്കര്‍ നഗറില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലില്‍ വെടിവച്ചാണു പ്രതികളെ പോലീസ് പിടികൂടിയത്.
Tags:
NATIONAL