തിരുവനന്തപുരം | സംസ്ഥാനത്തെ വീണ്ടും പരിഭ്രാന്തിയിലാഴ്ത്തിയ നിപ്പാ നിയന്ത്രണവിധേയമാകുന്നതായി സൂചന. പുതിയ ആക്ടീവ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നത് ആശ്വാസമായി.
നിപ്പാ പോസിറ്റീവായി ചികിത്സയിലുള്ള നാല് പേരുടെയും നിലയില്‍ പുരോഗതിയുണ്ട്. രണ്ട് പേര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിപ്പാ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന 51 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം. നിപ്പാ സംശയിച്ച് 181 സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്. സമ്പര്‍ക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 1,192 ആയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ച് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിപ്പാ വീണ്ടും കണ്ടെത്തിയ കോഴിക്കോട്ട് നഗരത്തിലുള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് വാര്‍ഡുകളും ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖം അടച്ചു.
Tags:
KOZHIKODE