Trending

ആശുപത്രിയിൽ ഇന്ധനമില്ല; ഗസ്സയിൽ ഇൻക്യുബേറ്ററിൽ കഴിയുന്ന 120 ശിശുക്കളുടെ ജീവൻ അപകടത്തിൽ

ഗസ്സ സിറ്റി | മനുഷ്യത്വത്തിന്റെ കണിക പോലും ശേഷിപ്പിക്കാതെ ഗസ്സയിൽ ഇസ്റാഈൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിൽ മരിച്ചുവീണവരിൽ ഏറെയും ഒന്നുമറിയാത്ത കുഞ്ഞുങ്ങളാണ്. നിരന്തരമുള്ള വ്യോമാക്രമണവും അതിശക്തമായ ഉപരോധവും കൊണ്ട് ഗസ്സ മുനമ്പിനെ പ്രേതനഗരമായി മാറ്റിക്കഴിഞ്ഞു ഇസ്റാഈൽ. വെള്ളവും വെളിച്ചവും ഇന്ധനവുമെല്ലാം വെട്ടിക്കുറച്ചുള്ള ഇസ്റാഈൽ ക്രൗര്യം ആ നഗരത്തിൽ ജീവിതം അസാധ്യമാക്കുന്ന സ്ഥിയിലാണ് കാര്യങ്ങൾ.

ഇതിനിടയിൽ യുഎൻ ചിൽഡ്രൻസ് ഏജൻസി പുറത്തവിട്ട അങ്ങേയറ്റം വേദനാജനകമായ ഒരു റിപ്പോർട്ട് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കും. ഇസ്റാഈൽ ഇന്ധനം വെട്ടിക്കുറച്ചതിനെത്തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം താളെ തെറ്റിയെന്നും ഇന്ധനം ലഭിക്കാത്തതിനാൽ ഇൻക്യുബേറ്ററുകളിൽ കഴിയുന്ന 120 ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്നുമാണ് യുഎൻ ഏജൻസി വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ 120 നവജാതശിശുക്കൾ ഇൻകുബേറ്ററുകളിലുണ്ട്, അതിൽ മെക്കാനിക്കൽ വെന്റിലേഷനുള്ള 70 നവജാതശിശുക്കളുണ്ട്, തീർച്ചയായും ഇവിടെയാണ് ഞങ്ങൾ അതീവ ഉത്കണ്ഠാകുലരായിരിക്കുന്നത്,” – യുനിസെഫ് വക്താവ് ജോനാഥൻ ക്രിക്സ് പറഞ്ഞു.

ഒക്‌ടോബർ 7 മുതൽ ഗാസ മുനമ്പിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ 1,700-ലധികം കുട്ടികൾ ഇതിനകം കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ധനം ലഭ്യമല്ലാത്തതിനെ തുടർന്ന് ഗസ്സയിലെ പല ആശുപത്രികളിലും സ്ഥിതി അതീവ ദയനീയമാണ്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരും മരണത്തെ മുഖാമുഖം കാണുന്ന സ്ഥിയിലാണെന്നും ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. 

Post a Comment

Previous Post Next Post