ടെല്‍അവീവ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഗാസയില്‍ 400 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ 350 ഓളം ഇസ്രായേലികൾ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഹമാസുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട 18 സൈനികരുടെ പട്ടിക പുറത്ത് വിട്ടു.
ഹമാസ് ആക്രമണത്തെ തുടര്‍ന്നുള്ള സങ്കീര്‍ണ്ണമായ സാഹചര്യം നേരിടാന്‍ അടിയന്തര ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇസ്രായേല്‍ ഉന്നത നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ ഹിസ്ബുള്ളയും ആക്രമണത്തില്‍ പങ്കാളികളായത് സ്ഥിതിവിശേഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. ലെബനനില്‍ നിന്നുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്തിരുന്നു. യുദ്ധത്തില്‍ പങ്കാളികളാകരുതെന്ന് ഇസ്രായേല്‍ ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഗാസാ മുനമ്പിലെ ഹമാസിന്റെ മൂന്ന് കമാന്‍ഡ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ സൈന്യം എക്‌സിലൂടെ പങ്കുവച്ചു. ഇതിനിടെ ഗാസയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തി വയ്ക്കാന്‍ ഇസ്രായേല്‍ വൈദ്യുതി കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗാസയോട് ചേര്‍ന്ന ദരജില്‍ നിന്നും പെട്ടെന്ന് ഒഴിഞ്ഞു പോകാന്‍ പ്രദേശവാസികളോട് പ്രസ്താവനയിലൂടെ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. 'പലസ്തീന്‍ പോരാളികളുടെ നീക്കങ്ങള്‍ ആളുകള്‍ താമസിക്കുന്ന ഇടങ്ങള്‍ ലക്ഷ്യമിടാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു. നിങ്ങളെയോ നിങ്ങളുടെ കുടുംബങ്ങളെയോ ഉപദ്രവിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ സുരക്ഷയ്ക്കായി വീടുകള്‍ ഒഴിഞ്ഞുപോകണം. അസീസ് മസ്ജിദിന് സമീപമുള്ള അല്‍-ദരജിലെയും സമീപപ്രദേശങ്ങളിലെയും താമസക്കാരോട് ഉടന്‍ സ്ഥലം വിടാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു, അവിടം ഞങ്ങള്‍ ലക്ഷ്യമിടുന്നു'; എന്നാണ് ഇസ്രായേലി സൈന്യം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ രണ്ട് ഇസ്രായേലി വിനോദസഞ്ചാരികളെ വെടിവെച്ചു കൊലപ്പെടുത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഈജിപ്ഷ്യന്‍ ഗൈഡും കൊല്ലപ്പെട്ടു. ഇതിനിടെ ഹമാസ് ബന്ധികളാക്കിയ ഇസ്രായേലികളെ മോചിപ്പിക്കാനുള്ള നീക്കങ്ങളും ഇസ്രായേല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഗാസ മുനമ്പിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്ന ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. നഹല്‍ ഓസ്, എറെസ്, നിര്‍ ആം, മെഫാല്‍സിം, ക്ഫാര്‍ ആസ, ഗെവിം, ഓര്‍ ഹാനര്‍, ഇബിം, നെറ്റിവ് ഹാസാര, യാദ് മൊര്‍ദെചൈ, കര്‍മിയ, സിക്കിം, കെരെം ഷാലോം, കിസുഫിം, ഹോളിറ്റ്, സുഫ, നിരീം, നിര്‍ ഓസ്, ഐന്‍ എന്നിവ ഉള്‍പ്പെടുന്നു. ഹശ്ലോഷ, നിര്‍ യിത്സാക്ക്, ബീരി, മാഗന്‍, റെയിം, സാദ്, അലൂമിം എന്നിവിടങ്ങളില്‍ നിന്നാണ് ഐഡിഎഫ് ആളുകളെ ഒഴിപ്പിക്കുന്നത്. 24 മണിക്കൂറിനകം ഗാസയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് എല്ലാവരേയും ഒഴിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് സൈനിക വ്യക്താവ് പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.