ജറുസലേം: ഇസ്രയേലിലെ സിബ്ദിൻ, റുവൈസത്ത് അൽ-അലം എന്നിവിടങ്ങളിലെ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഏറ്റെടുത്തു. തെക്കൻ ലെബ്നാനിലെ ഇസ്രായേൽ അധിനിവേശ ഷെബാ ഫാമുകൾക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഹിസ്ബുളള ഏറ്റെടുത്തു. ഫലസ്തീൻ ജനങ്ങൾക്കുളള ഐക്യദാർഢ്യത്തിന്റ ഭാഗമായാണ് ആക്രമണമെന്നും ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുളള പറഞ്ഞു.
ഷെബാ ഫാമിലെ റഡാർ സൈറ്റ് ഉൾപ്പെടെ മൂന്ന് പോസ്റ്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സംഘം രേഖാമൂലമുള്ള പ്രസ്താവനയിൽ പറഞ്ഞു. 1967 മുതൽ തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇസ്രയേൽ അധിനിവേശം നടത്തിയ ലെബനാനിലെ സ്ഥലമാണ് ഷെബാ ഫാം. തെക്കൻ ലെബനാനിലെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഹമാസിനെതിരെ തിരിച്ചടി തുടങ്ങിയത്.
യുദ്ധത്തിന്റെ രണ്ടാം ദിവസമായ ഇന്ന് 26 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിനെ നിർദയം അടിച്ചമർത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിനോട് ഒരു ദയയും ഉണ്ടാകില്ല. ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണം. ഈ യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കും. ഇസ്രയേലിനും പൗരന്മാര്‍ക്കും അവര്‍ നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ നെതന്യാഹു പറഞ്ഞിരുന്നു.
ആദ്യ ഘട്ട യുദ്ധം കഴിഞ്ഞു. മുമ്പ് ഒരിക്കലും ഇല്ലാത്ത വിധത്തിലുള്ള സംഭവമാണ് ഇസ്രയേലില്‍ അരങ്ങേറിയത്. അത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കും. ഈ പോരാട്ടം ഏറെക്കാലം നീണ്ടുനില്‍ക്കും. ദുഷ്‌കരമായ ദിവസങ്ങളാണ് മുന്നിലുള്ളത്. ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, മറ്റു സാധനങ്ങള്‍ എന്നിവയുടെ വിതരണം ഇസ്രയേല്‍ റദ്ദാക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. യുദ്ധത്തില്‍ 500 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. ഹമാസിന്റെ ആക്രമണത്തില്‍ 300 ഇസ്രയേലികളും ഇസ്രയേലിന്റെ തിരിച്ചടിയില്‍ 252 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.