Trending

ആറുമാസം മുമ്പ് കാണാതായ സ്വർണവള മാലിന്യത്തിനൊപ്പം; ഉടമയ്ക്ക് തിരിച്ചുനൽകി ഹരിതകർമ സേനാം​ഗം

പാലക്കാട്: മാലിന്യത്തിനൊപ്പം പെട്ട ഒന്നരപ്പവന്റെ സ്വർണവള ഉടമയ്ക്ക് തിരിച്ചുനൽകി ഹരിതകർമ സേനാം​ഗം മാതൃകയായി. തൃക്കടീരി ആറ്റാശേരി ബിന്ദുവാണ് മാലിന്യത്തിൽ നിന്ന് ലഭിച്ച സ്വർണ വള തിരികെ നൽകിയത്. മുസ്തഫ എന്നയാളുടെ വീട്ടിൽ നിന്ന് ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ആണ് സ്വർ‌ണവള ലഭിച്ചത്.

വള നഷ്ടപ്പെട്ടിട്ട് ആറു മാസമായിരുന്നു. മാലിന്യത്തിനൊപ്പം വള ഉൾപ്പെട്ടുപോയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. ശേഖരിച്ച മാലിന്യം പരിശോധിക്കവെ ബിന്ദുവിന് വള ലഭിക്കുകയായിരുന്നു. ഉടനെ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയും ചെയ്തു. ബിന്ദുവിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം ബി രാജേഷ് രം​ഗത്തെത്തി.

ബിന്ദുചേച്ചിയുടെ സ്വര്‍ണ്ണത്തിളക്കമുള്ള ഈ സത്യസന്ധതയെ തദ്ദേശ സ്വയം ഭരണ വകുപ്പിനും സര്‍ക്കാരിനും വേണ്ടി അഭിനന്ദിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും പര്യായങ്ങളായി മാറുന്ന നമ്മുടെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ഇത്തരം കൃത്യങ്ങള്‍ പരിചയപ്പെടുത്തുന്നത് സന്തോഷവും അഭിമാനകരവുമാണ്. നാടിന്റെ സംരക്ഷകരാണ് ഹരിത കര്‍മ്മ സേനക്കാരെന്ന് പറഞ്ഞാല്‍ പോലും അത് ഒട്ടും അധികമാകില്ല. മാലിന്യം ശേഖരിച്ച് മാത്രമല്ല, സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും മാതൃകയായിക്കൂടി അവര്‍ നാടിന് മുതല്‍ക്കൂട്ടാവുകയാണ്. നാടിന്റെ ഈ സംരക്ഷകരെ, ശുചിത്വ സൈന്യത്തെ നമുക്ക് ചേര്‍ത്തുപിടിക്കാമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post