രണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഒത്തുചേരുന്ന പരിപാടിയില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് തേജസ്വി യാദവ് പറഞ്ഞു. ലയനം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒത്തുചേരലിന് കാരണമാകും. ഇന്ത്യയില്‍ ഉടനീളം ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തുമ്പോള്‍ ഞങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നു. അങ്ങനെ ജെഡിയുവുമായി ചേര്‍ന്ന് ഭരിക്കാന്‍ തീരുമാനിച്ചുവെന്നും തേജസ്വി യാദവ് പറഞ്ഞു.
ബിഹാറില്‍ ബിജെപി സര്‍ക്കാരിനെ പുറത്താക്കി ഭരണം നേടിയത് ജനാധിപത്യ ശക്തികള്‍ക്ക് കരുത്തും പ്രതീക്ഷയുമായി. ജാതി സെന്‍സസ് ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്ന് പറഞ്ഞ തേജസ്വി, രാഷ്ട്രീയമായും സാമൂഹികമായും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പറഞ്ഞു.
ആര്‍ജെഡിയില്‍ ലയിക്കാനുള്ള തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത് ഓരോ പാര്‍ട്ടിക്കാരുടെയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ്. അതിനുള്ള കാല്‍വെപ്പാണ് ആര്‍ജെഡിയുമായുള്ള ലയനമെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.