ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. മിച്ചല്‍ മാര്‍ഷിനെ സംപൂജ്യനായി പറഞ്ഞയച്ച് ജസപ്രീത് ബുംറ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ചെറുത്തുനിന്നു.
സ്പിന്നര്‍ കുല്‍ദീപ് യാദവ് വാര്‍ണറെ പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി. 41 റണ്‍സ് ആണ് വാര്‍ണറുടെ സമ്പാദ്യം. മാര്‍നസ് ലബുഷെയ്‌നും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ രവീന്ദ്ര ജഡേജ ആഞ്ഞടിച്ചു. 2ന് 110 എന്ന നിലയില്‍ നിന്ന് 5ന് 119 എന്ന് ഓസീസ് തകര്‍ന്നു.
സ്മിത്ത് 46, ലബുഷെയ്ന്‍ 27, അലക്‌സ് ക്യാരി പൂജ്യം എന്നിവര്‍ ജഡേജയ്ക്ക് മുന്നില്‍ വീണു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഓസീസ് ബാറ്റർമാര്‍ ഡഗ് ഔട്ടിലേക്ക് മടങ്ങി. മാക്‌സ്‌വെല്‍ 15, കാമറൂണ്‍ ഗ്രീന്‍ എട്ട്, പാറ്റ് കമ്മിന്‍സ് 15 എന്നിങ്ങനെയാണ് സംഭാവനകള്‍. അവസാന നിമിഷം മിച്ചല്‍ സ്റ്റാര്‍ക് 28 റണ്‍സെടുത്തതോടെ ഇന്ത്യന്‍ വിജയ ലക്ഷ്യം 200 ആയി.
മറുപടി പറഞ്ഞ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. സ്റ്റാര്‍ക്കും ഹേസല്‍വുഡും ആഞ്ഞടിച്ചു. ഇന്ത്യന്‍ സ്‌കോര്‍ രണ്ട് എന്ന് തെളിഞ്ഞപ്പോള്‍ മൂന്ന് പേര്‍ ഡ്രെസിങ് റൂമിലേക്ക് എത്തി. കിഷനും രോഹിത്തും ശ്രേയസും പൂജ്യരായി മടങ്ങി. നാലാം വിക്കറ്റിലെ 165 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിൻ്റെ നട്ടെല്ല്. വിരാട് കോഹ്ലി 116 പന്തില്‍ 85 റണ്‍സെടുത്തു. ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കെ എല്‍ രാഹുല്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. കെ എല്‍ രാഹുല്‍ പുറത്താകാതെ 97 റണ്‍സ് നേടി.