Trending

അലക്സാൻഡ്രിയയിലെ കൊലപാതകം; ഈജിപ്ത് വിടാൻ പൗരന്മാർക്ക് നിർദേശം നൽകി ഇസ്രയേൽ

ടെൽ അവീവ്: ഈജിപ്ത് വിടാൻ പൗരന്മാർക്ക് നിർദേശം നൽകി ഇസ്രയേൽ സുരക്ഷാ കൗൺസിൽ. അലക്സാൻഡ്രിയയിൽ രണ്ടു പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിർദേശം. കഴിഞ്ഞ ദിവസമാണ് ഇസ്രായേലികളായ രണ്ട് വിനോദസഞ്ചാരികളെയാണ് അലക്സാൻഡ്രിയയിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്നു ഈജിപ്ഷ്യൻ സ്വദേശിയായ ഗൈഡും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ ഗാസയില്‍ ഇതുവരെ 500 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ 700 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോർട്ട്.

ഇതിനിടെ ഇസ്രായേലിൽ കുടുങ്ങിയിരുന്ന 27 ഇന്ത്യക്കാർ ഈജിപ്റ്റ് അതിർത്തി കടന്നു. ഇസ്രയേലിൽ കുടുങ്ങിയ മേഘാലയയിൽ നിന്നുള്ള തീർത്ഥാടന സംഘമാണ് ഈജിപ്റ്റ് അതിർത്തി കടന്നത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം യു എൻ രക്ഷാസമിതി യുദ്ധസാഹചര്യം വിലയിരുത്തി. ലോക രാജ്യങ്ങൾ ഇസ്രയേലിന് ഒപ്പം നിൽക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇസ്രയേലിനുളള പിന്തുണയുടെ ഭാ​ഗമായി അമേരിക്ക യുദ്ധക്കപ്പലുകളും എയർക്രാഫ്റ്റും അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാസമിതി അംഗങ്ങൾ ഒരുമിച്ച് അപലപിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. എന്നാൽ സാധാരണ ജനങ്ങൾക്കൊപ്പമാണ് തങ്ങളെന്ന് ചൈന വ്യക്തമാക്കി.

ഞായറാഴ്ച ഹമാസുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട 18 സൈനികരുടെ പട്ടിക ഇസ്രയേൽ പുറത്തുവിട്ടിരുന്നു. ഹമാസ് ആക്രമണത്തെ തുടര്‍ന്നുള്ള സങ്കീര്‍ണ്ണമായ സാഹചര്യം നേരിടാന്‍ അടിയന്തര ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇസ്രയേല്‍ ഉന്നത നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ ഹിസ്ബുള്ളയും ആക്രമണത്തില്‍ പങ്കാളികളായത് സ്ഥിതിവിശേഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. ലെബനനില്‍ നിന്നുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്തിരുന്നു. യുദ്ധത്തില്‍ പങ്കാളികളാകരുതെന്ന് ഇസ്രായേല്‍ ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹമാസിനെ നിർദയം അടിച്ചമർത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനോട് ഒരു ദയയും ഉണ്ടാകില്ല. ​ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണം. ഈ യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കും. ഇസ്രയേലിനും പൗരന്മാര്‍ക്കും അവര്‍ നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക്‌ മറുപടി നല്‍കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അപ്രതീക്ഷിതമായ ഹമാസിന്റെ റോക്കറ്റ് ആക്രമണമാണ് യുദ്ധത്തിലേക്ക് നയിച്ചത്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

Post a Comment

Previous Post Next Post