Trending

നവകേരള സദസ്സ് സർക്കാർ പരിപാടി; അത് തകർക്കാൻ ചിലർ ശ്രമിക്കുന്നു: മുഖ്യമന്ത്രി

കാസർഗോഡ് | നവകേരള സദസ്സ് തീർത്തും സർക്കാർ പരിപാടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറിയാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് പൈവള്ളിഗെയിൽ നവ കേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. സർക്കാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാണ് കോൺഗ്രസും യു ഡിഎഫും ശ്രമിക്കുന്നത്. അവർക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. എന്നാൽ ജനങ്ങൾ ആ താത്പര്യത്തിന് ഒപ്പമല്ല എന്നതിന് തെളിവാണ് എൽഡിഎഫ് സർക്കാറിന് രണ്ടാമൂഴം ലഭിച്ചത്. സർക്കാറിനോട് രാഷ്ട്രിയമായ ഭിന്നത കോൺഗ്രസിനും യുഡിഎഫിനും ഉണ്ടാകാം. ബിജെപിക്ക് വല്ലാത്ത അസഹിഷ്ണുതയും ഉണ്ടാകും.

എന്ന് കരുതി നാടിന് വേണ്ടി സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇവിടെ നടക്കാൻ പാടില്ലെന്നും നിലപാട് എടുക്കുന്നതിന് എന്താണ് അർഥമെന്നും മുഖ്യമന്ത്രി ചോദിച്ചു.

നവകേരള സദസ്സ് സർക്കാർ പരിപാടിയാണ്. ചീഫ് സെക്രട്ടറിയാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്. സാധാരണ ഗതിയിൽ ഈ പരിപാടിയിൽ പ്രധാന റോളിൽ ഈ മണ്ഡലത്തിലെ എംഎൽഎ ഉണ്ടാകേണ്ടതാണ്. എംഎൽഎയുടെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇവിടത്തെ എംഎൽഎ പരിപാടിയിൽ നിന്ന് സ്വയം ഒഴിഞ്ഞുനിൽക്കുകയാണെന്ന് കരുതുന്നില്ല. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സമ്മർദത്തിന് വഴങ്ങിയാണ് അദ്ദേഹം മാറിനിൽക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

നവകേരള സദസ്സ് നടക്കുമ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ഒരുക്കിയത് ആഡംബര ബസാണെന്ന വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. “നവകേരള സദസ്സിനെതിരെ വിവാദമുണ്ടാക്കാനാണ് ശ്രമം നടന്നത്. അതിന് നേതൃത്വം കൊടുത്തവർ പരിപാടി സ്ഥലത്തില്ല. എന്നാൽ പ്രചാരണം കൊടുക്കാൻ പങ്കാളികളായവർ ഈ കൂട്ടത്തിലുണ്ട്. ബസിന്റെ ആഡംബരത്തെ കുറിച്ചാണ് വിവാദങ്ങൾ. ഞങ്ങളും ആദ്യമായിട്ടാണ് കാസർകോട് ​ഗസ്റ്റ് ഹൗസിൽ നിന്ന് ആ ബസിൽ കയറിയത്. ബസിന്റെ ആഡംബരം എത്ര പരിശോധിച്ചിട്ടും മനസിലായില്ല. പരിപാടിക്ക് ശേഷം ഞങ്ങൾ എല്ലാവരും അതേ ബസിൽ കയറിയാണ് കാസർകോട്ടേയ്ക്ക് പോവുക. മാധ്യമ പ്രവർത്തകർ ഞങ്ങൾ കയറിയ ശേഷം ആ ബസിൽ ഒന്ന് കയറണം. നമ്മളും നിങ്ങളും എപ്പോഴും ലോഹ്യത്തിലാണല്ലോ. നിങ്ങള് എന്തൊക്കെ കൊടുത്താലും നിങ്ങളുമായി നല്ല ബന്ധമാണല്ലോ പുലർത്തി പോരുന്നത്.നിങ്ങൾക്ക് ആ ബസ് പരിശോധിക്കാം. ഇതിനായി മാധ്യമ പ്രവർത്തകരെ ക്ഷണിക്കുകയാണ്”- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽ.ഡി.എഫ്. സർക്കാരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി യു.ഡി.എഫ്. സർക്കാർ തുടർന്നിരുന്നെങ്കിൽ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നോ എന്നും ചോദിച്ചു.

മതനിരപേക്ഷ രാഷ്ട്രത്തെ മതാധിഷ്ഠിത രാഷ്ട്മാക്കാൻ ശ്രമിക്കുന്ന രാജ്യം ഭരിക്കുന്ന ഗവൺമെന്റ് പട്ടിണി പാവങ്ങളുടെയും സാധരണക്കാരന്റെയും അടിസ്ഥാന ആവശ്യങ്ങൾക്ക് യാതൊരുവിധ പരിഗണനയും നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ സൂചനയാണ് പട്ടിണിസൂചികയിൽ 121 രാജ്യങ്ങളിൽ ഇന്ത്യ 107 സ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നത് . കേന്ദ്രധനമന്ത്രി തന്നെ നേരിട്ടെത്തി ക്ഷേമപെൻഷനുകൾ കൊടുക്കുന്നതിനെ എതിർത്തു.സംസ്ഥാന സർക്കാരിന് കിട്ടേണ്ട പണത്തിലും കുറവു വരുത്തുന്നു. 57,000 കോടിയുടെ കുറവാണ് ഈ ഘട്ടത്തിൽ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പൈവള്ളിഗെ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് നവകേരള സദസ്സ് നടക്കുന്നത്.  നവകേരള ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരും വാദ്യഘോഷങ്ങളോടെ ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചു. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ് വേദിയില്‍ സ്വീകരിച്ചത്. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും. 

Post a Comment

Previous Post Next Post