ഗസ്സ സിറ്റി | വെടിനിർത്തൽ കരാർ നടപ്പിൽ വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്റാഈൽ. കമൽ അദ്വാൻ ആശുപത്രിക്ക് സമീപം ഇസ്റാഈൽ ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ആശുപത്രിയിലും പരിസരത്തുമുള്ള സ്ഥിതി വിനാശകരമാണെന്ന് ആശുപത്രി ഡയറക്ടർ പറഞ്ഞു.
ആശുപത്രി പരിസരത്ത് എല്ലായിടത്തും ഷെല്ലാക്രമണവും ബോംബാക്രമണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അഹ്മദ് അൽ ഖലൗത്ത് അൽ ജസീറയോട് വെളിപ്പെടുത്തി. ധാരാളം കെട്ടിടങ്ങളെ ആക്രമണം സാരമായി ബാധിച്ചു. വാദി ഗസ്സ മുതൽ വടക്കൻ ഗസ്സ വരെ ഭാഗത്ത് പ്രവർത്തിക്കുന്ന ഒരേയൊരു ആശുപത്രിയാണ് ഇതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി മുതൽ നടന്ന ആക്രമണങ്ങളിൽ അറുപതിലധികം പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ഖലൗത്ത് പറഞ്ഞു. മെഡിക്കൽ ടീമുകൾ വളരെ ക്ഷീണിതരാണ്. ഒരു തുള്ളി ഇന്ധനം പോലുമില്ല. ഹാൻഡ് ഹെൽഡ് സെർച്ച് ലൈറ്റുകൾ ഉപയോഗിച്ച് ഞങ്ങൾ ഇരുട്ടിൽ പ്രവർത്തിക്കുന്നു – അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ശസ്ത്രക്രിയാ വിദഗ്ധരുടെ അഭാവം കാരണം ഗർഭിണികളായ സ്ത്രീകളിൽ സിസേറിയൻ നടത്താനും മറ്റു ശസ്ത്രക്രിയകൾ നടത്താനും ശസ്ത്രക്രിയ വൈദഗ്ധ്യമില്ലാത്ത ഡോക്ടർമാർ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Tags:
INTERNATIONAL