Trending

വയനാട്ടിൽ നിന്ന് പിടികൂടിയ മാവോയിസ്റ്റുകളെ കസ്റ്റഡിയിൽ വിട്ടു; രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ഊർജിതം


വയനാട്: വയനാട് പേര്യയിൽ നിന്ന് പിടികൂടിയ മാവോയിസ്റ്റുകളെ കസ്റ്റഡിയിൽ വിട്ടു. അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കല്‍പറ്റ കോടതിയിലാണ് മാവോയിസ്റ്റുകളെ ഹാജരാക്കിയത്. കർണാടക സ്വദേശിയായ ഉണ്ണിമായയും തമിഴ്നാട് സ്വദേശി ചന്ദ്രുവുമാണ് വയനാട്ടിൽ അറസ്റ്റിലായത്. എകെ 47 ഉൾപ്പെടെ തോക്കുകളും ഇവരില്‍ നിന്ന് കണ്ടെത്തിയതായി എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു.

രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാൾ സുന്ദരി എന്ന വ്യക്തിയാണ് എന്ന് മനസ്സിലായിട്ടുണ്ട്. മറ്റൊരാള്‍ ആരെന്ന് അന്വേഷിച്ച് വരികയാണ്. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി എഡിജിപി പറഞ്ഞു. ഈ മേഖലകളിൽ രണ്ട്-മൂന്ന് വിഭാഗങ്ങളുണ്ട്. പലയിടങ്ങളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കുൾപ്പെടെ ആർക്കും പരിക്കില്ലെന്നും എഡിജിപി പറഞ്ഞു. അടുത്ത കാലത്തായി കൂടുതലായി മാവോയിസ്റ്റുകൾ വരുന്നത് ശ്രദ്ധയിൽപ്പെടുന്നുണ്ട്. അത്തരം കേസുകളും ഒരുപാട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ടവരെ പൊലീസ് തിരഞ്ഞു കൊണ്ടിരിക്കുകയാണെന്ന് എഡിജിപി വ്യക്തമാക്കി. പിടിയിലായ അനീഷ് ബാബുവിനെ പിടികൂടിയത് വ്യത്യസ്തമായ കേസിലാണെന്നും അനീഷും മാവോയിസ്റ്റ് പ്രവർത്തനം നടത്തുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post